ഹനുമാന്‍ ജയന്തി ആഘോഷവും ഇഫ്താര്‍ വിരുന്നുമെല്ലാം ഒരുമിച്ച്; വിദ്വേഷത്തിനിവിടെ ഇടമില്ല
'സാമുദായിക സൗഹാർദത്തോടെ ജീവിക്കണമെന്ന സന്ദേശം പുതിയ തലമുറയ്ക്ക് നൽകുകയാണ് ലക്ഷ്യം'
പുനെ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സാമുദായിക സംഘർഷങ്ങളുണ്ടാകുന്നതിനിടെ മതഭേദമില്ലാതെ ഒരുമിച്ച് ഹനുമാൻ ജയന്തി ആഘോഷം. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം.
പുനെയിലെ സഖ്‍ലിപിർ തലീം രാഷ്ട്രീയ മാരുതി ക്ഷേത്രത്തിൽ ഹനുമാന്‍ ജയന്തിക്ക് ആരതി ഉഴിയുന്ന ചടങ്ങിൽ മുസ്‍ലിംകൾ പങ്കെടുക്കുന്നത് ആചാരമാണ്. സഖ്‍ലിപിർ ബാബയുടെ പേരിലുള്ളതാണ് ക്ഷേത്രം. ഇദ്ദേഹത്തിന്റെ തന്നെ പേരിൽ ദർഗയും സമീപത്തുണ്ട്.
'എല്ലാ ആഘോഷങ്ങളും ഞങ്ങൾ ഒരുമിച്ച് കൊണ്ടാടുന്നു. സാമുദായിക സൗഹാർദത്തോടെ ജീവിക്കണമെന്ന സന്ദേശം യുവാക്കൾക്ക് നൽകാനാണ് ഞങ്ങളിത് ചെയ്യുന്നത്'- ആതിക് സഈദ് പറഞ്ഞു. ആരതിക്ക് മുന്നോടിയായി ക്ഷേത്രം അലങ്കരിക്കാൻ മുന്നിലുണ്ടായിരുന്നു ആതികും സുഹൃത്തുക്കളും.
പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന ആവശ്യത്തോട് സഖ്‌ലിപിർ തലീം രാഷ്ട്രീയ മാരുതി മന്ദിർ പ്രസിഡന്റ് രവീന്ദ്ര മൽവത്കർ പ്രതികരിച്ചതിങ്ങനെ- "ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട വിവാദം ശരിയല്ല. വീടിന് ചുറ്റും പള്ളിയില്ലാത്ത ആളുകളാണ് ബാങ്ക് വിളിയെ കുറിച്ച് പരാതിപ്പെടുന്നത്. ഞങ്ങളുടെ പ്രദേശത്ത് നാല് പള്ളികളുണ്ട്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ സൗഹാർദത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. സമാധാനം തകർക്കാനുള്ള അനാവശ്യ വിവാദമാണിത്. ഇവിടെ ദർഗയുടെ പരിപാലനം ഹിന്ദുവാണ് നിർവഹിക്കുന്നത്"
'വെള്ളിയാഴ്ച മുസ്‍ലിംകൾക്കായി ഞങ്ങൾ ക്ഷേത്രത്തിന് പുറത്ത് ഇഫ്താർ സംഘടിപ്പിച്ചു. 35 വർഷമായി ഞങ്ങൾ ഇങ്ങനെ ചെയ്യുന്നു. ക്ഷേത്രത്തിനുള്ളിൽ ഇഫ്താർ നടക്കുന്നുണ്ടെന്നും മാംസാഹാരം വിളമ്പിയെന്നും ചിലർ പ്രചരിപ്പിച്ചു. ഇത് ശരിയല്ല. ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഞങ്ങൾ പിന്തിരിയില്ല'- മൽവത്കർ വ്യക്തമാക്കി.