ബംഗ്ലാദേശികളെന്ന് ആരോപിച്ച് യു.പിയിൽ മുസ്‌ലിം കുടുംബങ്ങൾക്ക് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം

ഹിന്ദു രക്ഷാദൾ പ്രസിഡന്റ് 'പിങ്കി' എന്നറിയപ്പെടുന്ന ഭൂപേന്ദ്ര ചൗധരിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

Update: 2024-08-11 02:31 GMT
Advertising

ഗാസിയാബാദ്: ഗാസിയാബാദ് റെയിൽവേ സ്റ്റേഷന് സമീപത്ത് കുടിൽ കെട്ടി താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങൾക്ക് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് ഹിന്ദു രക്ഷാദൾ പ്രവർത്തകരാണ് ഇവരെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇവർ താമസിച്ചിരുന്ന കുടിലുകൾക്ക് അക്രമികൾ തീയിട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഹിന്ദു രക്ഷാദൾ പ്രസിഡന്റ് 'പിങ്കി' എന്നറിയപ്പെടുന്ന ഭൂപേന്ദ്ര ചൗധരിയുടെ നേതൃത്വത്തിൽ വൈകിട്ട് 7.30ഓടെയാണ് ആക്രമണമുണ്ടായത്. ബംഗ്ലാദേശ് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ 20ഓളം പ്രവർത്തകർ കുടിലുകൾ തകർക്കുകയും താമസക്കാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ഇരയായവർ ഭൂരിഭാഗവും മുസ്‌ലിംകളാണെന്ന് പൊലീസ് പറഞ്ഞു.

താൻ സ്ഥലത്തെത്തുമ്പോൾ 'പിങ്കി'യും സഹപ്രവർത്തകരും കുടിലിൽ താമസിക്കുന്നവരെ അക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ആക്രമണം നടത്തുകയായിരുന്നുവെന്ന് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ പറഞ്ഞു. അക്രമികൾ ബംഗ്ലാദേശ് വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ഇവർ ബംഗ്ലാദേശികളെല്ലെന്ന് പറഞ്ഞു മനസ്സിലാക്കാൻ താൻ ശ്രമിച്ചെങ്കിലും അത് കേൾക്കാതെ അക്രമം തുടർന്നുവെന്ന് സഞ്ജീവ് കുമാർ പറഞ്ഞു.

അക്രമത്തിനിരയായവർ ബംഗ്ലാദേശികളല്ലെന്നും ഷാജഹാൻപൂർ സ്വദേശികളാണെന്നും ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു. അക്രമികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിങ്കിക്കും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെ പൊലീസ് മനപ്പൂർവമായ ആക്രമണം, കലാപത്തിന് ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News