'മോദിയെത്തുന്നത് ഫോട്ടോഷൂട്ടിനാണോ'; മോർബി ആശുപത്രിയിലെ ധൃതിപിടിച്ച അറ്റകുറ്റപണികളെ വിമർശിച്ച് കോൺഗ്രസും എ.എ.പിയും

ആശുപത്രി പെയിന്റ് ചെയ്യുന്നതിന്റെയും പുതിയ ടൈലുകൾ സ്ഥാപിക്കുന്നതിന്റെയും ചിത്രങ്ങൾ കോൺഗ്രസും പങ്കുവെച്ചു

Update: 2022-11-01 05:17 GMT
Editor : Lissy P | By : Web Desk
Advertising

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മോർബിയിലെ ആശുപത്രിയിൽ ധൃതിപിടിച്ച അറ്റകുറ്റപണി നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും.ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലാണ് മോദി ഇന്ന് സന്ദർശനം നടത്തുന്നത്. ആശുപത്രിയിലെ പോരായ്മകൾ മറയ്ക്കാനാണ് ധൃതിപിടിച്ച അറ്റകുറ്റപണികളെന്നും പ്രധാനമന്ത്രിക്ക് 'ഫോട്ടോഷൂട്ട്' നടത്താനായി ആശുപത്രി പെയിന്റ് ചെയ്തതാണെന്ന് ഇരു പാർട്ടികളും ആരോപിച്ചു.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുമ്പായി ആശുപത്രി പെയിന്റ് ചെയ്യുന്ന വീഡിയോ ആം ആദ്മി പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. 141 പേർ മരിക്കുകയും നൂറുകണക്കിനാളുകളെ കാണാതായ സംഭവത്തിൽ യഥാർത്ഥ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. എന്നാൽ ബിജെപി പ്രവർത്തകർ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്ന തിരക്കിലാണെന്നും ആരോപണം ഉയർന്നു.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് തയ്യാറെടുക്കാൻ ആശുപത്രി  പെയിന്റ് ചെയ്യുന്നതിന്റെയും പുതിയ ടൈലുകൾ സ്ഥാപിക്കുന്നതിന്റെയും ചിത്രങ്ങൾ കോൺഗ്രസും പങ്കുവെച്ചു. 'അവർക്ക് നാണമില്ല! നിരവധി ആളുകൾ മരിച്ചുകിടക്കുമ്പോഴും അവർ പരിപാടിക്ക് തയാറെടുക്കുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചു.


'നാണമില്ലായ്മയ്ക്കും ഒരു പരിധിയുണ്ടെന്നും എഎപി ഡൽഹി എംഎൽഎ നരേഷ് ബല്യാൻ പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റിന് മാത്രമാണ് ബിജെപി അറിയപ്പെടുന്നത്. രണ്ട് തരത്തിലുള്ള ദുരന്തങ്ങളുണ്ടെങ്കിലും ഗുജറാത്തിൽ ബി.ജെ.പിയാണ് മൂന്നാമത്തെ ദുരന്തം. പെയിന്റിങ്ങിനും അലങ്കാരത്തിനും പകരം, രോഗികൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കണം ഗുജറാത്തിലെ കോൺഗ്രസ് വക്താവ് ഹേമാങ് റാവൽ പറഞ്ഞു.

ആശുപത്രി വൃത്തിയാക്കാൻ രാജ്കോട്ടിൽ നിന്നാണ് തങ്ങളെ കൊണ്ടുവന്നതെന്ന് തൊഴിലാളികൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ആശുപത്രി മുഴുവനും വൃത്തിയാക്കുകയും പുതിയ വാട്ടർ കൂളറുകളും ആശുപത്രി കിടക്കകളും സ്ഥാപിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഗുജറാത്തിലെ മോർബി ജില്ലയിൽ തൂക്കുപാലം തകർന്ന് 141 ലധികം പേരാണ് മരിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News