താമരവേരറുത്ത മൂന്ന് മാസ്റ്റര്‍സ്ട്രോക്കുകള്‍; കോൺഗ്രസ് കർണാടക തിരിച്ചുപിടിച്ചതിങ്ങനെ

ബി.ജെ.പിയുടെ വർഗീയ കാർഡിനെതിരെയുള്ള കോൺഗ്രസിന്റെ മാസ്റ്റർസ്‌ട്രോക്കായിരുന്നു പ്രകടനപത്രികയെ 'ബജ്രങ്ദൾ നിരോധനം' എന്ന ഒറ്റ വാഗ്ദാനം. ബി.ജെ.പിയെ മാത്രമല്ല മുഴുവൻ രാഷ്ട്രീയകേന്ദ്രങ്ങളെയും ഞെട്ടിപ്പിച്ചുകളഞ്ഞു പ്രഖ്യാപനം, ജനതാദളിനും ഷോക്കായിരുന്നു അത്

Update: 2023-05-13 11:39 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: സർവസന്നാഹങ്ങളുമായി മരിച്ചുപണിയെടുത്തിട്ടും ബി.ജെ.പി എങ്ങനെ ഈ നിലയിൽ നിലംപൊത്തി? ഏറെക്കാലം അധികാരത്തിൽനിന്നു പുറത്തിരുന്ന കോൺഗ്രസ് എങ്ങനെ ഏകപക്ഷീയമായി ഇങ്ങനെയൊരു കുതിച്ചുചാട്ടം നടത്തി? കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ അതിസമർത്ഥമായ പ്രചാരണതന്ത്രം തന്നെയാണ് വിജയം കാണുന്നത്. കൃത്യമായ ആലോചനയും ആസൂത്രണവും അതിലേറെ ശക്തമായ പ്രവർത്തനവും തന്നെയാണ് കോൺഗ്രസിന്റെ ഈ വിജയത്തിനു പിന്നിലെ പ്രധാന ഘടകം. കോൺഗ്രസ് കുതിപ്പിനു കാരണമായ മൂന്ന് കാരണങ്ങൾ പരിശോധിക്കാം.

ഒറ്റക്കെട്ടായി പാർട്ടി; ഒരുമെയ്യായി ഡി.കെ, സിദ്ധരാമയ്യ

വെറ്ററൻ നേതാവും കരുത്തനുമായ സിദ്ധരാമയ്യ ഒരു വശത്ത്. മറുവശത്ത് മാസങ്ങൾക്കുമുൻപെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രചാരണതന്ത്രങ്ങളും അടിത്തട്ടിലെ പ്രവർത്തനവുമായി കളംനിറഞ്ഞ് പാർട്ടിയെ നയിച്ച ഡി.കെ ശിവകുമാർ. സീനിയോരിറ്റി കൊണ്ട് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ അർഹൻ. എന്നാൽ, വർഷങ്ങളോളം അധികാരത്തിൽനിന്ന് പുറത്തിരിക്കേണ്ടി വന്ന പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് ഫൈറ്റിനു സജ്ജമാക്കിയ ഡി.കെയ്ക്ക് ആ പദവിക്ക് അവകാശവാദം ഉന്നയിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തിലുള്ള ആഗ്രഹം പലതവണ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തതാണ്.

എന്നാൽ, അത്തരം ചർച്ചകളൊന്നും ഒരു ഘട്ടത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെയോ പ്രചാരണത്തെയോ ബാധിച്ചില്ലെന്നതു തന്നെയാണ് കോൺഗ്രസിന്റെ ഒന്നാമത്തെ വിജയം. അധികാരത്തർക്കങ്ങളെല്ലാം മാറ്റിനിർത്തി സിദ്ധരാമയ്യയും ഡി.കെയും ഒന്നിച്ചുനിന്നു തെരഞ്ഞെടുപ്പ് നയിച്ചു. സിദ്ധരാമയ്യയുടെ 75-ാം പിറന്നാൾദിനത്തിൽ ഇരുനേതാക്കളും ആലിംഗനം ചെയ്യുന്ന രംഗമൊരുക്കി രാഹുൽ ഗാന്ധി പ്രവർത്തകർക്ക് കൃത്യമായ സന്ദേശവും നൽകി. കാലുവാരലിനും പാലംവലിക്കലിനുമുള്ള എല്ലാ സാധ്യതകളും നേതൃത്വം കൃത്യമായി അടച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നത്.

'40 പേർസെന്റ് കമ്മിഷൻ സർക്കാർ'; അഴിമതിക്കാരൻ ബൊമ്മെ എന്ന പ്രചാരണം

പാർട്ടി ഒറ്റക്കെട്ടായതുകൊണ്ടായില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ പോന്ന തന്ത്രങ്ങളും വേണമായിരുന്നു. അക്കാര്യത്തിൽ കോൺഗ്രസിന് ഒരു കുറവുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും അതുവഴി ബി.ജെ.പിയെയും സംസ്ഥാന സർക്കാരിനെയും ലക്ഷ്യമിട്ട് വളരെ നേരത്തെ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചു കോൺഗ്രസ്. അഴിമതി തന്നെയായിരുന്നു ഒന്നാമത്തെ ആയുധം.

കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാനത്തുടനീളം പൊങ്ങിയ ഒരു പോസ്റ്റർ ശരിക്കും ബി.ജെ.പി സർക്കാരിനെയും ബൊമ്മെയെയും പ്രതിരോധത്തിലാക്കി. 'പേസിഎം' എന്ന തലക്കെട്ടോടെ ബൊമ്മെയുടെ അഴിമതി ഉയർത്തിക്കാട്ടിയുള്ള പോസ്റ്റർ ബംഗളൂരു, മൈസൂരു നഗരങ്ങളിലും മറ്റു നഗരപ്രദേശങ്ങളിലും വ്യാപകമായി പതിച്ചായിരുന്നു കോൺഗ്രസിന്റെയും ഡി.കെയുടെയും സർജിക്കൽ സ്‌ട്രൈക്ക്. ബൊമ്മെയെ രോഷാകുലനാക്കിയ നടപടിയുടെ തുടർച്ചയായി '40 പെർസന്റ് കമ്മിഷൻ സർക്കാർ' എന്ന ചർച്ചയും കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയനേതൃത്വം ഇതേ മുദ്രാവാക്യം ഏറ്റെടുത്തു.

ഇതോടെ അഴിമതി തന്നെയായി തെരഞ്ഞെടുപ്പിലെ മുഖ്യചർച്ച. ബൊമ്മെ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ചിന്ത വോട്ടർമാർക്കിടയിൽ സൃഷ്ടിക്കാൻ കോൺഗ്രസ് പ്രചാരണത്തിനായി. ഗ്രാമീണതലങ്ങളിലേറെ യുവാക്കളും ടെക്കികളും അഭ്യസ്തവിദ്യരുമെല്ലാം അടങ്ങുന്ന നഗരവോട്ടർമാരുടെ മനസിളക്കാനും ഈ പ്രചാരണത്തിനായിട്ടുണ്ടെന്നു വ്യക്തമാണ്.

'ബജ്രങ്ദൾ നിരോധനം': ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ 'മാസ്റ്റർസ്‌ട്രോക്ക്'

അഴിമതിയിൽ മുങ്ങിയ ബസവരാജ് ബൊമ്മൈ സർക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന കൃത്യമായ സൂചന ബി.ജെ.പിക്ക് നേരത്തെ തന്നെ ലഭിച്ചതാണ്. അതുകൊണ്ടു തന്നെയാണ് ഹിജാബ് മുതൽ, മുസ്‌ലിം സംവരണം എടുത്തുകളഞ്ഞതും മതപരിവർത്തന നിരോധനവും അടക്കമുള്ള കടുത്ത വർഗീയ നടപടികളിലേക്ക് ബി.ജെ.പി അവസാനഘട്ടത്തിൽ കടന്നത്. വികസന അജണ്ടകൾക്കു പകരം തനിവർഗീയത തുപ്പിയായിരുന്നു നരേന്ദ്ര മോദിയും അമിത് ഷായും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതും.

എന്നാൽ, ബി.ജെ.പിയുടെ വർഗീയ കാർഡിനെതിരെയുള്ള കോൺഗ്രസിന്റെ മാസ്റ്റർസ്‌ട്രോക്കോ സർജിക്കൽ സ്‌ട്രൈക്കോ ആയിരുന്നു പ്രകടനപത്രികയിലെ 'ബജ്രങ്ദൾ നിരോധനം' എന്ന ഒറ്റ വാഗ്ദാനം. മുഴുവൻ രാഷ്ട്രീയകേന്ദ്രങ്ങളെയും ഞെട്ടിപ്പിച്ചു പ്രഖ്യാപനം, ബി.ജെ.പിയെ മാത്രമല്ല. ജനതാദളിനും ഷോക്കായിരുന്നു ഇത്. ബജ്രങ്ദൾ സംഘത്തിന്റെ ഗുണ്ടാവിളയാട്ടത്തിന്റെ ഇരകളായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് നീട്ടിയെറിഞ്ഞ ചൂണ്ടയായിരുന്നു അതെന്നു വ്യക്തമാണ്. മുസ്‌ലിം, ക്രിസ്ത്യൻ അടക്കമുള്ള ന്യൂനപക്ഷ വോട്ടുകൾ ജെ.ഡി.എസ് അടക്കമുള്ള മറ്റു പാർട്ടികളിലേക്കൊന്നും വിഘടിച്ചുപോകാതെ കൃത്യമായി കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു തന്നെ എത്തിക്കാൻ ആ ഒരൊറ്റ പ്രഖ്യാപനം കൊണ്ടായി.

വീരപ്പ മൊയ്‌ലി അടക്കമുള്ള കോൺഗ്രസ് നേതാക്കളടക്കം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയപ്പോഴും പ്രഖ്യാപനത്തിൽനിന്നു പിന്മാറാൻ ഡി.കെ ശിവകുമാറോ നേതൃത്വമോ തയാറായില്ല. ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങൾക്കു മറുപടി പറയാൻ നിൽക്കാതെ സ്വന്തമായി പ്ലാനുമായി മുന്നോട്ടുപോയ കോൺഗ്രസ് നടത്തിയ ഈ സ്ട്രാറ്റജിക് മൂവ് പ്രചാരണഘട്ടത്തിൽ തന്നെ ഫലംകണ്ടതാണ്. പി.എഫ്.ഐ നിരോധനത്തിനുള്ള മറുപടിയാണ് ബജ്രങ്ദൾ നിരോധനമെന്ന പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ബി.ജെ.പി വേദികളിൽ പോലും ഉയർന്നുകേട്ടത്. അഥവാ, ബി.ജെ.പി പ്രചാരണങ്ങളടക്കം കോൺഗ്രസിന്റെ പ്രകടനപത്രികയിലേക്കും പ്രഖ്യാപനങ്ങളിലേക്കും തിരിക്കാൻ ഈയൊരൊറ്റ പ്രഖ്യാപനം കൊണ്ട് കോൺഗ്രസിനായി.

Summary: How Congress recaptured Karnataka? Three strategic moves, that became crucial in the 2023 Assembly poll result

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News