ബ്രൗൺ ടാപ്പ് ചുറ്റിയ ചെറിയ പാക്കറ്റുകൾ, ഒന്നിൽ 50 ലക്ഷം രൂപ; അർപ്പിതയുടെ വീട്ടിൽ 50 കോടി സൂക്ഷിച്ചത് ഇങ്ങനെ
2000 രൂപയുടെ നോട്ടുകൾ 50 ലക്ഷത്തിന്റെ കെട്ടുകളായും 500 രൂപയുടെ നോട്ടുകൾ 20 ലക്ഷത്തിന്റെ കെട്ടുകളായുമാണ് സൂക്ഷിച്ചിരുന്നത്.
കൊൽക്കത്ത: രാജ്യത്ത് സമീപകാലത്ത് നടന്ന ഏറ്റവും വഴിയ അഴിമതിയാണ് പശ്ചിമ ബംഗാളിൽനിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മമത ബാനർജിയുടെ മന്ത്രിസഭയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തായ അർപ്പിത മുഖർജിയുടെ വീട്ടിലും ഫ്‌ളാറ്റിലും നടത്തിയ റെയ്ഡിൽ 50 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇ.ഡി കണ്ടെടുത്തത്.
ആർക്കും സംശയം തോന്നാത്തവിധത്തിലാണ് പണം സൂക്ഷിച്ചിരുന്നത്. സാധാരണ പാർസൽ പാക്കറ്റ് പോലെ വച്ചിരുന്നതിനാൽ അതിൽ കോടികളുടെ നോട്ടുകെട്ടുകളാണെന്ന് ആരും സംശയിക്കില്ലായിരുന്നുവെന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു.
2000 രൂപയുടെ നോട്ടുകൾ 50 ലക്ഷത്തിന്റെ കെട്ടുകളായും 500 രൂപയുടെ നോട്ടുകൾ 20 ലക്ഷത്തിന്റെ കെട്ടുകളായുമാണ് സൂക്ഷിച്ചിരുന്നത്. നോട്ടുകൾ കൂടാതെ 4.31 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളും സ്വർണക്കട്ടികളും അർപ്പിതയുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും സുഹൃത്ത് അർപ്പിത മുഖർജിയും അറസ്റ്റിലായത്. പാർത്ഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി മമതാ ബാനർജി അദ്ദേഹത്തെ പാർട്ടി ചുമതലകളിൽനിന്നും നീക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. തെറ്റ് ചെയ്തവരെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.