ഒടിഞ്ഞ ആ പല്ല്... 18 വർഷത്തിന് ശേഷം സഹോദരങ്ങൾക്ക് വികാരനിർഭരമായ കൂടിക്കാഴ്ച, തുണയായത് ഇൻസ്റ്റഗ്രാം റീൽ
18 വർഷം മുമ്പ് ഫത്തേപൂരിലുള്ള ഇനായത്പൂർ ഗ്രാമത്തിൽ നിന്ന് ജോലി തേടി പുറപ്പെട്ടതാണ് ബാൽ ഗോവിന്ദ്
ബോറടിക്കുമ്പോൾ ഇൻസ്റ്റഗ്രാം റീലുകൾ വലിയ ഉപകാരമാണ്. സ്‌ക്രോൾ ചെയ്തിരുന്നാൽ സമയം പോകുന്നതറിയില്ല. ഇങ്ങനെ ഒരു ദിവസം സമയം കളയാൻ ഇൻസ്റ്റഗ്രാമിൽ റീൽ കണ്ടിരുന്നതാണ് ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശിയായ രാജ്കുമാരി. പെട്ടെന്നൊരു റീലിൽ കണ്ണുടക്കി-ശ്രദ്ധിച്ച് നോക്കിയപ്പോൾ 18 വർഷം മുമ്പ് കാണാതായ തന്റെ സഹോദരൻ... വികാരനിർഭരമായ കൂടിക്കാഴ്ചയിലേക്കാണ് ആ ഇൻസ്റ്റഗ്രാം റീൽ രാജ്കുമാരിയെ പിന്നീടെത്തിച്ചത്...
ആ കഥ ഇങ്ങനെ !
18 വർഷം മുമ്പ് ഫത്തേപൂരിലുള്ള ഇനായത്പൂർ ഗ്രാമത്തിൽ നിന്ന് ജോലി തേടി പുറപ്പെട്ടതാണ് ബാൽ ഗോവിന്ദ് എന്ന യുവാവ്. മുംബൈയിൽ ജോലി നേടിയ ഗോവിന്ദ് പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ആദ്യമൊക്കെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും പതിയെ വിളി കുറഞ്ഞു. മുംബൈയിലെത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്നെ മറ്റൊരു ജോലിസ്ഥലമന്വേഷിച്ച് പോയ ഗോവിന്ദിനെ കുറിച്ച് സുഹൃത്തുക്കൾക്കും വിവരമുണ്ടായില്ല.
മുംബൈയിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഗോവിന്ദ്. ഇതിനിടെ വീടും വീട്ടുകാരെയുമൊക്കെ മറന്നു. ഇടയ്ക്ക് ആരോഗ്യനില മോശമായതോടെ വീട്ടിലേക്ക് വരാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഫത്തേപൂരിലേക്ക് പോകേണ്ടതിന് പകരം ജയ്പൂരിലേക്കുള്ള ട്രെയിനിലാണ് ഗോവിന്ദ് കയറിയത്.
ജയ്പൂരിൽ വണ്ടിയിറങ്ങിയ ഗോവിന്ദ് സുമനസ്‌കരുടെ സഹായത്തോടെ അവിടെ ഒരു ജോലി സംഘടിപ്പിക്കുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വിവാഹിതനായി, രണ്ട് കുട്ടികളുമുണ്ടായി. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു ബാൽ ഗോവിന്ദ്. റീലുകൾ ഹരമായതോടെ, സ്വന്തമായി റീലുകളുണ്ടാക്കുകയും ഇത് പബ്ലിക് ആയി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ റീലുകളിലൊന്നാണ് രാജ്കുമാരി കണ്ടത്. ഗോവിന്ദിന്റെ പൊട്ടിയ പല്ല് കണ്ട് തന്റെ സഹോദരനെ യുവതി തിരിച്ചറിയുകയായിരുന്നു. ഗോവിന്ദിന്റെ എല്ലാ വീഡിയോകളും സൂഷ്മമായി നിരീക്ഷിച്ചാണ് രാജ്കുമാരി റീലിലുള്ളത് തന്റെ സഹോദരൻ തന്നെയെന്ന് ഉറപ്പിച്ചത്. ഉടൻ തന്നെ യുവതി ഇൻസ്റ്റഗ്രാമിൽ തന്നെ ഗോവിന്ദിന് സന്ദേശമയച്ചു. സഹോദരിയെ ഗോവിന്ദും തിരിച്ചറിഞ്ഞതോടെ ഏറെ നാൾ കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് അവിടെ കളമൊരുങ്ങി.
വീട്ടിലേക്ക് വരാൻ മടിയായിരുന്നു ഗോവിന്ദിനെന്നാണ് രാജ്കുമാരി പറയുന്നത്. ഇത്രയും നാൾ ഒരു ബന്ധവുമില്ലാതിരുന്ന തന്നെ വീട്ടുകാർ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു ഗോവിന്ദിന്റെ പേടി. എന്നാൽ ഏറെ നിബന്ധിച്ചതോടെ ഗോവിന്ദ് വഴങ്ങി. അങ്ങനെ ജൂൺ 20ാം തീയതി വികാരനിർഭരമായ ആ കൂടിക്കാഴ്ചയ്ക്ക ഇനയത്പൂർ സാക്ഷിയായി. 18 വർഷത്തിന് ശേഷം വീട്ടിലേക്ക് വന്ന ഗോവിന്ദിനെ മാലയിട്ടും മധുരം നൽകിയുമാണ് ബന്ധുക്കൾ വീട്ടിലേക്ക് സ്വാഗതം ചെയ്തത്.