കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി തമിഴ്നാട്ടില്‍ മീന്‍ പിടുത്തം; മത്സ്യക്കൊയ്ത്തിനെത്തിയത് നൂറ് കണക്കിനാളുകള്‍
വിരാലിപട്ടി ഗ്രാമവാസികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഈ മീന്‍ പിടുത്തം
കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി തമിഴ്നാട്ടിലെ വിലാരിപട്ടി ഗ്രാമത്തില്‍ മത്സ്യക്കൊയ്ത്തിനെത്തിയത് നൂറ് കണക്കിനാളുകള്‍. മാസ്കും സാമൂഹിക അകലവുമില്ലാതെ മീന്‍ പിടിക്കുന്നതില്‍ മാത്രമായിരുന്നു ഇവരുടെ ശ്രദ്ധ.
വിരാലിപട്ടി ഗ്രാമവാസികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഈ മീന്‍ പിടുത്തം. വലിയൊരു ജലാശയത്തിലിറങ്ങി കൂട്ടമായി മീന്‍ പിടിക്കുകയാണ് പതിവ്. മറ്റ് ഗ്രാമങ്ങളില്‍ നിന്നുമുള്ള ആളുകളും മത്സ്യക്കൊയ്ത്തിന് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്ഡൌണിനെ തുടര്‍ന്ന് ഉത്സവം നടത്തിയിരുന്നില്ല.
അതേസമയം തമിഴ്നാട്ടില്‍ കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 3,867 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. തമിഴ്നാട്ടില്‍ ഇളവുകളോടെ ജൂലൈ 12 വരെ ലോക്ഡൌണ്‍ നീട്ടിയിട്ടുണ്ട്. രാത്രി 8 വരെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. 50 ശതമാനം ജീവനക്കാരുമായി ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. രാവിലെ 10 മുതൽ രാത്രി 8 വരെ മദ്യവിൽപ്പനശാലകൾ തുറക്കാം. അമ്യൂസ്‌മെന്‍റ് പാർക്കുകൾക്ക് വാട്ടർ ഗെയിമുകൾ ഇല്ലാതെ പ്രവർത്തിക്കാൻ അനുവാദമുണ്ട്.