''ഖേദവും ദുഃഖവുമില്ല, പൊലീസിനെ പേടിയുമില്ല'': നിലപാടിലുറച്ച് മുസ്‌ലിംകൾക്കെതിരെ കലാപാഹ്വാനം നടത്തിയ ഹിന്ദുത്വ നേതാവ്
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന 'ധർമ സൻസദ്' സമ്മേളനത്തിൽ മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രബോധാനന്ദ് ഗിരിക്ക് യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്
ഉത്തരാഖണ്ഡിലെ ഹിന്ദു പാർലമെന്റിൽ മുസ്‌ലിംകൾക്കെതിരെ നടന്ന പരസ്യമായ കൊലവിളിയിലും വിദ്വേഷ പ്രസംഗത്തിലും ഒട്ടും ഖേദമില്ലെന്ന് പരിപാടിയിൽ വിവാദ പരാമർശം നടത്തിയ ഹിന്ദുത്വ നേതാവിന്റെ പ്രതികരണം. ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരിയാണ് സംഭവം ഏറെ വിവാദമായതിനു പിറകെ ദേശീയ മാധ്യമമായ എൻഡിടിവിയോട് പ്രതികരിച്ചത്.
പരിപാടിയിൽ ഞാൻ സംസാരിച്ചതിലൊന്നും ഒട്ടും ലജ്ജയില്ലെന്ന് പ്രബോധാനന്ദ് പറഞ്ഞു.. പൊലീസിനെ എനിക്ക് പേടിയില്ല. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
''നിങ്ങളുടെയും ഞങ്ങളുടെയും ചിന്താധാരയിൽ വ്യത്യാസമുണ്ട്. ഭരണഘടന വായിക്കൂ.. എന്റെ പരാമർശങ്ങൾ ഒരു നിലയ്ക്കും അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല. ആരെങ്കിലും എന്നെ കൊല്ലാൻ ശ്രമിച്ചാൽ ഞാൻ തിരിച്ചടിക്കും. നിയമത്തെ എനിക്ക് പേടിയില്ല.'' പ്രബോധാനന്ദ് ഗിരി പ്രതികരിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന 'ധർമ സൻസദ്' സമ്മേളനത്തിൽ പ്രബോധാനന്ദ് ഗിരി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. മ്യാന്മറിലേതു പോലെ നമ്മുടെ പൊലീസും രാഷ്ട്രീയക്കാരും സൈന്യവും എല്ലാ ഹിന്ദുക്കളും ആയുധമെടുത്ത് വംശഹത്യ നടത്തണം, ഹിന്ദുരാഷ്ട്ര നിർമാണത്തിനു മറ്റൊരു മാർഗവുമില്ലെന്ന് പ്രസംഗത്തിൽ പ്രബോധാനന്ദ് വ്യക്തമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ കൂടിയാണ് ഇയാൾ.
ഡിസംബർ 17 മുതൽ 19 വരെയായിരുന്നു വിവാദസമ്മേളനം നടന്നത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ ആരാധനാകേന്ദ്രങ്ങൾ ആക്രമിക്കാനും ചടങ്ങിൽ പ്രസംഗിച്ച നേതാക്കൾ ആഹ്വാനം ചെയ്തു. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമൊണ് ആഹ്വാനം ചെയ്തത്. ''അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണ്'' പ്രസംഗത്തിൽ അന്നപൂർണ ആഹ്വാനം ചെയ്തു.
മുസ്ലിംകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചതിനു മുൻപ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി, ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചിരുന്നു. സമ്മേളനത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമ്മേളനം നടന്ന് ദിവസങ്ങളായിട്ടും വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ ഉത്തരാഖണ്ഡ് പൊലീസ് ഇതുവരെയും കേസെടുക്കാൻ പോലും തയാറാകാത്തതിൽ വൻ വിമർശനമുയരുന്നുണ്ട്.
Summary: ''I am not ashamed of what I have said. I am not afraid of police. I stand by my statement. I am not afraid of the law", Hindu Raksha Sena's Prabodhanand Giri