കഴിഞ്ഞ ദശാബ്ദത്തിൽ രാജ്യം കണ്ട വിദ്വേഷ- വിഭജന രാഷ്ട്രീയം മുൻനിർത്തി മാറ്റത്തിനായി വോട്ട് ചെയ്തു; നടൻ പ്രകാശ് രാജ്
ബെംഗളൂരുവിലെ പോളിങ് സ്റ്റേഷനിൽ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരു: കഴിഞ്ഞ പത്ത് വർഷം രാജ്യം കണ്ട വിദ്വേഷത്തിന്റെയും വിഭജനത്തിന്റേയും രാഷ്ട്രീയം മൂലം മാറ്റത്തിനായി താൻ വോട്ട് ചെയ്തെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ബെംഗളൂരുവിലെ പോളിങ് സ്റ്റേഷനിൽ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എൻ്റെ വോട്ട്, എന്നെ പ്രതിനിധീകരിക്കുന്നവരെ തെരഞ്ഞെടുക്കാനും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണം എന്നതിനുമുള്ള എൻ്റെ അവകാശമാണ്. നിങ്ങൾ വിശ്വസിക്കുന്ന ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്ന സ്ഥാനാർഥിക്ക് ഞാൻ വോട്ട് ചെയ്തു. കഴിഞ്ഞ ദശകത്തിൽ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ കൊണ്ടുവന്ന പ്രകടനപത്രികയ്ക്കും മാറ്റത്തിനുമായി ഞാൻ വോട്ട് ചെയ്തു"- അദ്ദേഹം വിശദമാക്കി.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ ടീമിന്റെ കോച്ചുമായ രാഹുൽ ദ്രാവിഡും ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി. "എല്ലാവരും വോട്ട് ചെയ്യണം, ഇത് ജനാധിപത്യത്തിൽ നമുക്ക് ലഭിക്കുന്ന അവസരമാണ്"- അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ കർണാടകയിൽ ഇന്ന് 14 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. അവശേഷിക്കുന്ന 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് ഏഴിന് നടക്കും.