'ജനസേവനത്തിനും സാമൂഹ്യസേവത്തിനും വേണ്ടിയാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്'; ടീക്കാറാം മീണ
രാജസ്ഥാനിൽ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം ഉണ്ടെന്നും സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കോൺഗ്രസിനെ രാജസ്ഥാനിൽ തുണയ്ക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു
രാജസ്ഥാൻ: ജനസേവനത്തിനും സാമൂഹ്യസേവത്തിനും വേണ്ടിയാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. തന്‍റെ കുടുംബം പരമ്പരാഗതമായി കോൺഗ്രസ് കുടുംബമാണെന്നും കെ.സി വേണുഗോപാൽ ആണ് തന്റെ കോൺഗ്രസ് പ്രവേശനത്തിന് ചുക്കാൻ പിടിച്ചതെന്നും മീണ പറഞ്ഞു.
'എന്‍റെ കുടുംബം പരമ്പരാഗതമായി കോൺഗ്രസ് കുടുംബമാണ്. അച്ഛൻ സ്വാതന്ത്രസമര സേനാനിയായിരുന്നു. സഹോദരൻ മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിൽ പഞ്ചായത്തിലേക്ക് വിജയിച്ചതാണ്. ഇതൊക്കെ കണക്കിലെടുത്ത് കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും നേതാക്കള്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ എന്‍റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. കെ.സി. വേണുഗോപാലാണ് ഇക്കാര്യത്തിൽ ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിനെ കണ്ടതിന് ശേഷമാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. ഇപ്പോള്‍ സജീവമായി പ്രവർത്തിക്കുന്നുമുണ്ട്. മാനിഫെസ്റ്റോ കമ്മിറ്റിയിലും ഞാൻ അംഗമാണ്. നിലവിൽ രാജസ്ഥാൻ ഗവൺമെന്‍റ് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ശക്തിപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ നൽകിയിട്ടുണ്ട്'-ടീക്കാറാം മീണ .
എൽ.ഡി.എഫ് സർക്കാരിനെ താൻ പ്രശംസിച്ചിട്ടില്ല. കേരളത്തിൽ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ രാജസ്ഥാന്‍റെ പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തും. കേരളം മാത്രമല്ല എവിടെയാണെങ്കിലും നല്ല കാര്യങ്ങള്‍ ഉണ്ടെങ്കിൽ അത് രാജസ്ഥാന്‍റെ പ്രകടനപത്രികയിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നെന്നും മീണ വ്യക്തമാക്കി.
രാജസ്ഥാനിൽ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം ഉണ്ടെന്നും സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കോൺഗ്രസിനെ രാജസ്ഥാനിൽ തുണയ്ക്കുമെന്നും പറഞ്ഞ അദ്ദേഹം പാർട്ടി അവസരം നൽകിയാൽ തീർച്ചയായും മത്സരിക്കുമെന്നും കൂട്ടിച്ചേർത്തു.
'ഞാൻ എൽ.ഡി.എഫിനെ പ്രശംസിച്ചു എന്നും കേരള മോഡൽ എന്ന് പറഞ്ഞ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതികളെ പുകഴ്ത്തി എന്നും ചിലർ പറഞ്ഞു. എന്നാൽ അത്തരമൊരു ഉദ്ദേശത്തോടെ ഞാൻ സംസാരിച്ചിട്ടില്ല. ഇപ്പോഴത്തെ സർക്കാരിനെക്കുറിച്ച് ഒന്നും തന്നെ ഞാൻ പറഞ്ഞിട്ടില്ല. 1947 മുതൽ ഒരുപാട് സർക്കാരുകള്‍ വന്നിട്ടുണ്ട്. ആരോഗ്യമേഖലയുടെയും സാക്ഷരതയുടെയും ഹ്യൂമൻ ഡെവലപ്പ്മെന്‍റ് ഇൻഡക്സിന്‍റെയും കാര്യത്തിലും കേരളം വളരെ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ്. അങ്ങനെ കേരളത്തിൽ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ രാജസ്ഥാന്‍റെ പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തും. കേരളം മാത്രമല്ല എവിടെയാണെങ്കിലും നല്ല കാര്യങ്ങള്‍ ഉണ്ടെങ്കിൽ അത് രാജസ്ഥാന്‍റെ പ്രകടനപത്രികയിൽ വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിനായി ഞാൻ വാദിച്ചു. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് എന്‍റെ വിശ്വാസം'-ടീക്കാറാം മീണ.