മസ്ജിദുകൾക്കെതിരെ നടപടിയെടുക്കുന്നു; ‘ക്ഷേത്രങ്ങളിലെ ശബ്ദമലിനീകരണത്തെ സർക്കാർ അവഗണിക്കുന്നു’ വിമർശനവുമായി ഐഎഎസ് ഉദ്യോഗസ്ഥ

മതപരമായ വീക്ഷണത്തിനപ്പുറം ശബ്ദമലിനീകരണത്തെക്കുറിച്ച് എല്ലാവരും നിഷ്പക്ഷമായി ചിന്തിക്കണമെന്നും മധ്യപ്രദേശ് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി

Update: 2024-10-22 07:38 GMT
Advertising

ന്യൂഡൽഹി:മധ്യപ്രദേശി​ൽ മസ്ജിദുകളിലെ ഉച്ചഭാഷിണികൾക്കെതിരെ മാത്രം ​നടപടിയെടുത്തത് വലിയ ചർച്ചയും വിവാദവുമായിരുന്നു. ഇപ്പോഴിതാ സർക്കാർ ഒരുവിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ. പൊതുഭരണ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഷൈൽബാല മാർട്ടിന്റെ പ്രസ്താവന​യാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

മധ്യപ്രദേശ് സർക്കാരും പൊലീസും ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളെയും അവിടെ നിന്നുള്ള ശബ്ദമലിനീകരണത്തെയും അവഗണിക്കുകയാണ്. ക്ഷേത്രങ്ങളുടെ ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദമലിനീകരണം പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെന്നും നടപടിയെടുത്താൽ വലതുപക്ഷ സംഘടനകളിൽ നിന്ന് പ്രതിഷേധത്തിനിടയാക്കുമെന്നായിരുന്നു ഷൈൽബാല മാർട്ടിന്റെ പ്രതികരണം. ഉദ്യോഗസ്ഥയുടെ ​പ്രസ്താവനക്കെതിരെ സംഘപരിവാർ അനുകൂല സംഘടനകൾ രംഗത്തെത്തി. കഴിഞ്ഞയാഴ്ച ഭോപ്പാലിൽ ഡിജെ സംഗീതത്തിനിടെ 13 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്ന് എക്സിൽ നടന്ന ചർച്ചകൾക്കിടെയാണ് ഐഎഎസ് ഉദ്യോഗസ്ഥ ഇക്കാര്യം പറഞ്ഞത്. ശബ്ദമലിനീകരണത്തിനെതിരെ കർശനനടപടി​വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെ മസ്ജിജിദുകളിലെ ഉച്ചഭാഷണി സംവിധാനത്തിനെതിരെ മാത്രം നടപടിയെടുത്തത് ഒരു മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടി. നിയമനടപടിയെടുക്കുന്നതിലെ അസമത്വവും തുടർകമന്റുകളായി വന്നതോടെയാണ് പ്രതികരണവുമായി ഉദ്യോഗസ്ഥ രംഗത്തെത്തിയത്.

‘മതപരമായ വീക്ഷണത്തിനപ്പുറം ശബ്ദമലിനീകരണത്തെക്കുറിച്ച് എല്ലാവരും നിഷ്പക്ഷമായി ചിന്തിക്കണം. ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികൾ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ട്. രാത്രി വൈകിയും ​ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിൽ നിന്ന് ശബ്ദങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ അതിനെ പലരും അവഗണിക്കുകയാണെന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ പ്രതികരണം. എന്നാൽ ട്വീറ്റിന് താഴെ അവരെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി.

മാർട്ടിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താൻ അവർക്ക് അവകാശമില്ലെന്നും സംഘപരിവാർ അനുകൂല സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ച് പറഞ്ഞു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ സംസ്‌കൃതി ബച്ചാവോ മഞ്ച് അതിനെ എതിർക്കും. ക്ഷേത്രങ്ങളിലെ ആരതിയും മറ്റു മന്ത്രങ്ങളും പള്ളികളിലെ ബാങ്ക് പോലെ ദിവസവും അഞ്ച് നേരം ഉണ്ടാകാറില്ലെന്നും സംഘടന പറഞ്ഞു. അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ചത് ശരിയായ കാര്യമാണെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് പറഞ്ഞു. ബി.ജെ.പി സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിലാണ് ശബ്ദമലിനീകരണത്തിൽ പോലും നടപടിയെടുക്കുന്നതെന്നായിരുന്നു ഹഫീസ് പറഞ്ഞത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News