'ഇന്ത്യ വിചാരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം'; മോദി നെതന്യാഹുവുമായി സംസാരിക്കണമെന്ന് ഫലസ്തീൻ അംബാസഡർ

ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്‌നാൻ അബു അൽഹൈജ്

Update: 2023-10-15 04:14 GMT
Advertising

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കുമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽഹൈജ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കണമെന്നും ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്‌നാൻ അബുവിന്റെ പ്രതികരണം.

ഇസ്രായേലും ഫലസ്തീനുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവുമായി സംസാരിക്കണം. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കും. ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താനുള്ള ശേഷി ഇന്ത്യക്ക് ഉണ്ട്. ഇന്ത്യ അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ". അദ്ദേഹം പറഞ്ഞു.

Full View

യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടിയ അദ്‌നാൻ അബു, ലോകരാഷ്ട്രങ്ങൾ ഇടപെട്ടില്ലെങ്കിൽ നിരപരാധികളായ അനേകം മനുഷ്യർക്ക് ഇനിയും ജീവൻ നഷ്ടപ്പെടുമെന്നും കൂട്ടിച്ചേർത്തു.

"യുദ്ധത്തിൽ ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണം. യുദ്ധത്തെ അമേരിക്ക ഉൾപ്പടെയുള്ള ഡെമോക്രാറ്റിക് രാജ്യങ്ങൾ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇത് മുതലെടുക്കുകയാണ് ഇസ്രായേൽ. കുഞ്ഞുങ്ങളെ കൊന്നും കെട്ടിടങ്ങൾ തകർത്തും മതിയാകാഞ്ഞ് ഇപ്പോൾ ദശലക്ഷക്കണക്കിന് മനുഷ്യരോട് പലായനം ചെയ്യാൻ ആവശ്യപ്പെടുകയാണവർ. യുദ്ധത്തിന് മുമ്പും ഗസ്സയിലെ ജീവിതം സുഖകരമായിരുന്നില്ല അവിടുത്തെ ജനങ്ങൾക്ക്. യുദ്ധം തുടങ്ങിയതോടെ ദുരിതവും വർധിച്ചു. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് ഹമാസ് പ്രവർത്തകരല്ല, സാധാരണക്കാരായ പാവം ജനങ്ങളാണ്". അദ്ദേഹം പറഞ്ഞു.

അതേസമയം, ഗസ്സക്കുമേൽ ഒൻപതാം ദിവസവും ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. വടക്കൻ ഗസ്സ വിടാൻ ജനങ്ങൾക്ക് ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകി. ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തു. ഖത്തർ ഗസ്സയിൽ വെടിനിർത്തലിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കി.

ഓപ്പറേഷൻ അജയിയുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് നാലാം വിമാനവും എത്തി. 274 യാത്രക്കാരാണ് ഈ വിമാനത്തിലെത്തിയത്. ഓപ്പറേഷൻ അജയിയൂടെ ഭാഗമായി കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് വിമാനങ്ങളുടെ എണ്ണം കേന്ദ്ര സർക്കാർ വർധിപ്പിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News