കരുണാനിധിയുടെ ഓര്‍മക്കായി മഷിപ്പേനയുടെ ആകൃതിയില്‍ സ്മാരകം; ചെലവ് 80 കോടി, തമിഴ്നാട്ടില്‍ പ്രതിഷേധം

സ്മാരകത്തെ ചൊല്ലി ചില രാഷ്ട്രീയ പാർട്ടികളും പദ്ധതിയെ എതിർക്കുന്ന പ്രവർത്തകരും ഡിഎംകെ ഭാരവാഹികളും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി

Update: 2023-02-02 07:49 GMT
Editor : Jaisy Thomas | By : Web Desk

പെന്‍ സ്മാരകത്തിന്‍റെ രൂപരേഖ

Advertising

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. 80 കോടി ചെലവില്‍ ചെന്നൈ മറീന ബീച്ചില്‍ മഷിപ്പേനയുടെ ആകൃതിയിലാണ് സ്മാരകം നിര്‍മിക്കുന്നത്. സ്മാരകത്തെ ചൊല്ലി ചില രാഷ്ട്രീയ പാർട്ടികളും പദ്ധതിയെ എതിർക്കുന്ന പ്രവർത്തകരും ഡി.എം.കെ ഭാരവാഹികളും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി.

സാഹിത്യരംഗത്തെ കരുണാനിധിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് സ്റ്റാലിൻ സർക്കാർ സ്മാരകം പണിയാന്‍ തീരുമാനിച്ചത്. 'മുത്തമിഴ് അരിജ്ഞർ ഡോ. കലൈഞ്ജർ പെൻ സ്മാരകം' എന്നാണ് സ്മാരകത്തിന് നല്‍കിയ പേര്. എ.ഐ.എ.ഡി.എം.കെയോ ബി.ജെ.പിയോ ഇതുവരെ എതിർക്കാത്തതിനാൽ പദ്ധതി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോർട്ട്.മറീനാ ബീച്ചില്‍ നിന്ന് 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണ് സ്മാരകം നിര്‍മിക്കുന്നത്.

2022 ജൂലൈയിലാണ് 'പെൻ സ്മാരക'ത്തെക്കുറിച്ചുള്ള ആദ്യ നിര്‍ദേശം ഉയരുന്നത്. ബംഗാൾ ഉൾക്കടലില്‍ 137 അടി ഉയരത്തില്‍ മാര്‍ബിളില്‍ തീര്‍ത്ത കൂറ്റന്‍ പേനയാണ് സ്മാരകത്തിന്‍റെ പ്രധാന ആകര്‍ഷണം. പേനയുടെ പീഠത്തിന് 42 മീറ്ററിൽ കൂടുതൽ ഉയരമുണ്ട്, ചുറ്റും ലാൻഡ്സ്കേപ്പ് ചെയ്ത പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ടിരിക്കും. ഇതു കടൽത്തീരത്ത് നിലവിലുള്ള കരുണാനിധി സ്മാരകവുമായി 650 മീറ്റർ നീളമുള്ള പാലത്തിലൂടെ ബന്ധിപ്പിക്കുകയും ചെയ്യും. മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ സഞ്ചരിക്കാൻ കഴിയുമെന്ന് പൊതുചർച്ചയിൽ ഒരു മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

പബ്ലിക് ഹിയറിങ്ങിൽ ഭൂരിഭാഗം ആളുകളും, ഭൂരിഭാഗം ഡി.എം.കെ അംഗങ്ങളും പദ്ധതിയെ പിന്തുണച്ചെങ്കിലും നാം തമിഴർ പാർട്ടി ചീഫ് കോർഡിനേറ്റർ സീമാനും പ്രാദേശിക ബിജെപി പ്രവർത്തകരും അവരുടെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളും ഇതിനെ എതിർത്തു.പ്രതിമ പണിതാൽ തകർക്കുമെന്ന് നാം തമിഴർ കക്ഷി എന്ന രാഷ്ട്രീയ പാർട്ടിയുടെ ചീഫ്-കോർഡിനേറ്റര്‍ സീമാൻ പറഞ്ഞിരുന്നു. കടലൊഴിച്ച് അണ്ണാ അറിവാലയത്തിന്റെ (ഡിഎംകെയുടെ ആസ്ഥാനം) മുൻവശത്തോ എവിടെ വേണമെങ്കിലും സ്മാരകം നിർമ്മിക്കാമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതി നടപ്പാക്കിയാൽ 13 മത്സ്യബന്ധന ഗ്രാമങ്ങളെയെങ്കിലും ബാധിക്കുമെന്നും സീമാന്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ എതിർപ്പുകളൊന്നും ഇല്ലാത്തതിനാൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി പ്രതീക്ഷിക്കുന്നതായി പബ്ലിക് ഹിയറിംഗ് ഏകോപിപ്പിച്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.ബിജെപി പോലും ഇതിനെ എതിർക്കുന്നില്ലെന്ന് ഒരു മുതിർന്ന ഡിഎംകെ നേതാവ് വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News