പാക് അധീനകശ്മീർ ഉടൻ ഒഴിയണം; പാകിസ്താനെതിരെ യുഎന്നിൽ ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധ ചെയ്യും
ന്യൂയോർക്ക്: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ. എത്രയും വേഗം പാക് അധീനകശ്മീർ പാകിസ്താൻ ഒഴിയണമെന്ന് ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ ആവശ്യപ്പെട്ടു. അയൽരാജ്യത്തിന്റേത് നിയമവിരുദ്ധ അധിനിവേശമാണെന്നും അവർ ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി ഇംറാൻ ഖാനാണ് കശ്മീർ വിഷയം യുഎന്നിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
'ദുഃഖകരമെന്ന് പറയട്ടെ, തെറ്റായ പ്രചാരണങ്ങൾ നടത്താൻ പാക് നേതാവ് അന്താരാഷ്ട്ര വേദികൾ ഉപയോഗിക്കുന്നത് ആദ്യമായല്ല. ഭീകരവാദികൾക്ക് സൗജന്യ പാസ് നൽകുന്ന അദ്ദേഹത്തിന്റെ രാഷ്ട്രത്തിലെ ദുഃസ്ഥിതി മറച്ചുവയ്ക്കാനാണ് ഈ വാദങ്ങൾ ഉന്നയിക്കുന്നത്. ഭീകരവാദികളെ വളർത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് പാകിസ്താൻ. അത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്.'- ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് സ്‌നേഹദുബെ ആവർത്തിച്ചു. 'ജമ്മു കശ്മീരും ലഡാകും ഇന്ത്യയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗങ്ങളാണ്. പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. ഉടൻ ആ പ്രദേശങ്ങൾ വിട്ടുപോകണം'- അവർ കൂട്ടിച്ചേർത്തു.
India 🇮🇳 replies to Pak PM assertions on Kashmir. Watch first secretary in India's permanent mission Sneha Dube speaking in UN.
— Shining Star 🇮🇳 (@ShineHamesha) September 25, 2021
What a reply! No words minced.
pic.twitter.com/eowQUpK9xm
'ഏറ്റവും കൂടുതൽ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്കിയതിന്റെ അവിശ്വസനീയമായ റെക്കോർഡ് പാക്കിസ്താന്റെ പേരിലാണ്. ഉസാമ ബിന് ലാദന് പാകിസ്താൻ അഭയം നൽകി. ഇപ്പോൾ പോലും പാകിസ്താൻ ലാദന്റെ മരണത്തെ മഹ്വത്വത്ക്കരിക്കുകയാണ്. ബഹുസ്വരത എന്ന വാക്കു തന്നെ പാകിസ്താന് മനസ്സിലാക്കാനായിട്ടില്ല. ലോകവേദിയിൽ പരിഹാസ്യരാകും മുമ്പ് നിങ്ങൾ ആത്മപരിശോധന നടത്തണം' - ദുബെ ആവശ്യപ്പെട്ടു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധ ചെയ്യും. ഇംറാൻ ഖാൻ കശ്മീർ വിഷയം ആഗോള വേദിയിൽ ഉന്നയിച്ച സാഹചര്യത്തിൽ മോദി ഇതിന് മറുപടി നൽകിയേക്കും.