വനിതാ ബിൽ നടപ്പിലാക്കുന്നത് സെൻസസിന് ശേഷമെന്ന് കേന്ദ്രം; വൈകിപ്പിക്കാനുള്ള തന്ത്രമെന്ന് കോൺഗ്രസ്
ഒ.ബി.സി ഉപസംവരണം വേണമെന്ന കോൺഗ്രസ് നിലപാടിനെ ബി.ജെ.പി എതിർത്തു
ന്യൂഡല്‍ഹി: സെൻസസിനും മണ്ഡല പുനർ നിർണയത്തിനും ശേഷം മാത്രമേ വനിതാ സംവരണ ബില്ല് നടപ്പിലാക്കൂവെന്നു കേന്ദ്ര നിയമമന്ത്രി അർജ്ജുൻ മേഘ്‌വാൾ. വനിതാ സംവരണം നീട്ടികൊണ്ടുപോകാനുള്ള തന്ത്രമാണിതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധിച്ചു . രാജ്യസഭയിൽ വനിതാ ബില്ലിൽ ചർച്ച തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് പ്രതിഷേധിച്ചു . കെസി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എന്ന് നടത്തുമെന്ന് പോലും അറിയാത്ത സെൻസസിനും ദീർഘ കാലം വേണ്ടിവരുന്ന മണ്ഡല പുനർ നിർണയത്തിനും ശേഷം സംവരണം എന്നതിനോടാണ് കോൺഗ്രസിന് എതിർപ്പ് . എന്നാൽ സഭയിൽ സംസാരിച്ച കേന്ദ്ര നിയമ മന്ത്രി അർജ്ജുൻ മേഘ്‌വാൾ ഈ രണ്ട് നടപടികളും പൂർത്തിയാകാതെ സംവരണം ഏർപ്പെടുത്താനാവില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു.
ഒ.ബി.സി ഉപസംവരണം വേണമെന്ന കോൺഗ്രസ് നിലപാടിനെ ബി.ജെ.പി എതിർത്തു . ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന ബി.ജെ.പി എംപിമാർ എണ്ണത്തിൽ മുഴുവൻ കോൺഗ്രസ് എംപിമാരേക്കാൾ കൂടുതൽ ഉണ്ടെന്നനായിരുന്നു പരിഹാസം. വനിതാ ബില്ല് ലോക്സഭയിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അംഗങ്ങൾക്ക് നന്ദി പറഞ്ഞു . ചന്ദ്രയാൻ വിജയത്തിൽ ഐ എസ് ആർ ഒയെ ലോക്സഭ അഭിനന്ദിച്ചു.