വികൃതമാക്കപ്പെട്ട മൃതദേഹം, സംസ്കാരം, പ്രതികൾ ജയിലിൽ; ഒടുവിൽ 'കൊല്ലപ്പെട്ട്' 18 മാസത്തിന് ശേഷം തിരിച്ചെത്തി യുവതി!; ഞെട്ടിത്തരിച്ച് നാടും വീടും
താൻ മരിച്ചിട്ടില്ലെന്നു വ്യക്തമാക്കി യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.


ഭോപ്പാൽ: മരിച്ചെന്ന് കരുതിയ ആൾ ദിവസങ്ങൾക്കും മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷം തിരിച്ചുവന്ന സംഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ മരിച്ചെന്ന് ഉറപ്പിച്ച് വീട്ടുകാർ മൃതദേഹം സംസ്കരിക്കുകയും കൊലപാതക കേസിൽ പ്രതികൾ ജയിലിലാവുകയും ചെയ്ത് മാസങ്ങൾക്കു ശേഷം 'കൊല്ലപ്പെട്ട' വ്യക്തി തിരിച്ചുവന്നാലോ...? എന്തായിരിക്കും അവസ്ഥ... അങ്ങനെയും സംഭവിച്ചു. മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിലെ ഗാന്ധി സാഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.
മരിച്ചെന്ന് കരുതിയ ലളിത ബായ് എന്ന യുവതിയാണ് ഒന്നര വർഷത്തിനു ശേഷം തിരികെയെത്തിയത്. താൻ മരിച്ചിട്ടില്ലെന്നു വ്യക്തമാക്കി യുവതി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ യുവതിയുടെ അപ്രതീക്ഷിത തിരിച്ചുവരവിൽ ഞെട്ടിയിരിക്കുകയാണ് കുടുംബവും നാട്ടുകാരും.
കൈയിലെ ടാറ്റൂവും കാലിൽ കെട്ടിയ കറുത്ത നൂലും ഉൾപ്പെടെയുള്ള ശാരീരിക അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ്, വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞതെന്ന് ലളിതയുടെ പിതാവ് രമേശ് നാണുറാം ബഞ്ചാദ പറയുന്നു. തുടർന്ന് അന്ത്യകർമങ്ങളും നടത്തി. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇമ്രാൻ, ഷാരൂഖ്, സോനു, ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് ഇവരെ ജയിലിലുമായി. പ്രതികൾ ജയിലിൽ തുടരുന്നതിനിടെയാണ്,18 മാസങ്ങൾക്ക് ശേഷം ലളിത തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. മകളെ ജീവനോടെ കണ്ടപ്പോൾ ഞെട്ടിപ്പോയ പിതാവ് ഉടൻ തന്നെ ലളിതയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
തിരോധാനത്തെ കുറിച്ച് ലളിത പറയുന്നതിങ്ങനെ- 'ഷാരൂഖിനൊപ്പം ഭാനുപുരയിലേക്ക് പോയതായിരുന്നു താൻ. രണ്ട് ദിവസം അവിടെ കഴിഞ്ഞശേഷം ഷാരൂഖ് അഞ്ച് ലക്ഷം രൂപയ്ക്ക് തന്നെ മറ്റൊരാൾക്ക് വിറ്റു. അയാൾക്കൊപ്പം രാജസ്ഥാനിലെ കോട്ടയിലായിരുന്നു ഇതുവരെയുള്ള ഒന്നര വർഷം കഴിഞ്ഞിരുന്നത്. ഒടുവിൽ ഒരവസരം കിട്ടിയപ്പോൾ രക്ഷപെട്ട് നാട്ടിലേക്ക് വരികയായിരുന്നു'.
ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും ലളിത പൊലീസിനെ കാണിച്ചു. അയൽക്കാരും കുടുംബാംഗങ്ങളും വഴി പൊലീസ് അവരുടെ ഐഡന്റിറ്റി പരിശോധിച്ച് അവർ ലളിത തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഗാന്ധി സാഗർ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് തരുണ ഭരദ്വാജ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അധികൃതർ മുതിർന്ന ഉദ്യോഗസ്ഥരെയും തണ്ട്ല പൊലീസ് സ്റ്റേഷനെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളുടെ അമ്മയാണ് ലളിത. അമ്മയുടെ ജീവനോടെ കണ്ടതിൽ അതിയായ സന്തോഷത്തിലാണ് ഇരുവരും.