കോവിഡ്: 2020ൽ ഇന്ത്യയിൽ ഔദ്യോഗിക കണക്കിനേക്കൾ എട്ടിരട്ടി അധിക മരണമെന്ന് പഠനം
ആയുർദൈർഘ്യത്തിലും വലിയ കുറവ് രേഖപ്പെടുത്തി, കൂടുതൽ മുസ്‍ലിംകളിൽ
ന്യൂഡൽഹി: ലോകമാകെ നിശ്ചലമാക്കിയ മഹാമാരിയായിരുന്നു കോവിഡ്. ലക്ഷക്കണക്കിന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിരവധി പേർ ഇന്നും അതിന്റെ ആഘാതങ്ങളിൽനിന്ന് മുക്തരായിട്ടില്ല. ഇന്ത്യയിലും നിരവധി പേരുടെ ജീവനാണ് കൊറോണ വൈറസ് കവർന്നത്. എന്നാൽ, സർക്കാർ പുറത്തുവിട്ട കണക്കിനേക്കാൾ അധികം ആളുകൾ 2020ൽ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
കോവിഡിന്റെ ആദ്യ വർഷത്തിൽ തന്നെ 11.9 ലക്ഷം അധിക മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് സർക്കാർ കണക്കിനേക്കാൾ എട്ടിരട്ടി അധികമാണെന്നും പഠനം പറയുന്നു. ആദിവാസികൾ, ദലിതർ, മുസ്‍ലിംകൾ തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും പുരുഷൻമാരേക്കാൾ അധികം സ്ത്രീകളെയുമാണ് കോവിഡ് കൂടുതൽ ബാധിച്ചത്.
ഇന്ത്യൻ വംശജരായ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ്, ന്യൂയോർക്ക് സിറ്റി യൂനിവേഴ്സിറ്റിയിലെ ഇക്കണോമിസ്റ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പ്രായം, ലിംഗഭേദം, സാമൂഹിക അസമത്വം എന്നിവയിൽ കോവിഡ് സൃഷ്ടിക്കുന്ന ആഘാതമാണ് ഔദ്യോഗിക രേഖ ഉപയോഗിച്ച് ഇവർ പഠനവിധേയമാക്കിയത്. സ്ത്രീകളിലും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലും ആയുർദൈർഘ്യത്തിൽ വലിയ കുറവ് വരുന്നതായി പഠനം കണ്ടെത്തി.
മുസ്‍ലിംകളുടെ ആയുർദൈർഘ്യം 5.4 വർഷം കുറഞ്ഞു. പട്ടികവർഗക്കാരിൽ 4.1ഉം പട്ടിക വിഭാഗത്തിൽ 2.7 വർഷവുമാണ് കുറവ്. ഉന്നത ജാതി ഹിന്ദു വിഭാഗത്തിലും മറ്റു പിന്നാക്ക വിഭാഗക്കാരിലും ഇത് 1.3 വർഷമാണ്.
സ്ത്രീകളുടെ ആയുർദൈർഘ്യം 3.1ഉം പുരുഷൻമാരുടേത് 2.1ഉം വർഷം കുറഞ്ഞു. രണ്ട് കണക്കും ചേർന്നാൽ ഇന്ത്യയിലെ മൊത്തം ആയുർദൈഘ്യ നഷ്ടം 2.6 വർഷമാണ്. ഇന്ത്യയിലേത് പോലെ സ്ത്രീകളിൽ കോവിഡ് ഇത്രയുമധികം ആഘാതം ഏൽപ്പിച്ചത് മറ്റൊരു രാജ്യത്തും രേഖപ്പെടുത്തിയിട്ടില്ല. 2019-21 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സർവേ-5ലെ കണക്ക് ഉപയോഗിച്ചാണ് ഇവർ പഠനം നടത്തിയത്. 2020ൽ രാജ്യത്തെ മരണനിരക്ക് 17 ശതമാനം അധികമായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
പ്രായം, ലിംഗഭേദം, സാമൂഹിക വിഭാഗങ്ങൾ എന്നിവ പ്രകാരം മരണനിരക്കിലെ വ്യത്യാസങ്ങൾ എപ്രകാരമാണെന്നും ഇന്ത്യയിൽ കോവിഡുണ്ടാക്കിയ ആഘാതങ്ങൾ പഠിക്കാനും സാധിച്ചുവെന്ന് ഗവേഷണത്തിലെ അംഗമായ സംഗീത വ്യാസ് പറഞ്ഞു. ‘ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ആയുർദൈർഘ്യം കുറയുകയാണെന്നും ചെറുപ്പക്കാരിലാണ് ഇത് കൂടുതലെന്നും അവർ പറഞ്ഞു. ആഗോള കണക്കുകളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകളിലാണ് പുരഷൻമാരേക്കാൾ അധികം ആയുർദൈർഘ്യം കുറയുന്നത്. കൂടാതെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ മറ്റു ഉന്നത വിഭാഗങ്ങളെ അപേക്ഷിച്ച് ആയുർദൈർഘ്യത്തിൽ വലിയ കുറവ് സംഭവിച്ചെന്നും സംഗീത വ്യാസ് പറഞ്ഞു. ഇത് അമേരിക്കയിൽ കറുത്ത വർഗക്കാർ, ഹിസ്പാനിക്കുകൾ, തദ്ദേശീയരായ അമേരിക്കക്കാർ എന്നിവരിൽ കാണുന്ന ആയുർദൈർഘ്യ നഷ്ടത്തിന് സമാനോ അതിലധികമോ ആണെന്നും സയൻസ് അഡ്വാൻസിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ കൂട്ടിച്ചേർത്തു.
നേരത്തേ സർക്കാർ സംവിധാനങ്ങൾ രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്ക് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 2020, 2021 വർഷങ്ങളിൽ 4.74 ദശലക്ഷം അധികമരണങ്ങൾ സംഭവിച്ചതായി പറയുന്നുണ്ട്. 2020ൽ ഏകേദേശം ഒന്നര ലക്ഷമാണ് ഔദ്യോഗിക മരണനിരക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇത് എട്ട് ലക്ഷമാണ്. ഇതിനേക്കാൾ ഒന്നര മടങ്ങും സർക്കാർ കണക്കിനേക്കാൾ എട്ട് മടങ്ങുമാണ് മരണസംഖ്യയെന്ന് പുതിയ പഠനം പറയുന്നു.
അതേസമയം, ഈ പഠനത്തിൽ ഗുരുതര രീതിശാസ്ത്രപരമായ പിഴവുകളുണ്ടെന്നും അതിനാൽ തെറ്റായ നിഗമനത്തിലാണ് ഇവർ എത്തിച്ചേർന്നിരിക്കുന്നതെന്നും നിതി ആയോഗ് അംഗം വിനോദ് പോൾ പറഞ്ഞു. രാജ്യത്ത് സംഭവിച്ച 99 ശതമാനത്തിലേറെയും മരണങ്ങൾ സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019നെ അപേക്ഷിച്ച് നോക്കുമ്പോൾ 2020ൽ 4.74 ലക്ഷം അധിക മരണം സംഭവിച്ചിട്ടുണ്ട്. പഠനത്തിൽ കണ്ടെത്തിയ 11.9 ലക്ഷം അധികമരണം അംഗീകരിക്കാനാവാത്തതും അസ്വീകാര്യവുമാണെന്നും പോൾ വ്യക്തമാക്കി. കോവിഡ് ബാധിച്ച് സ്ത്രീകളാണ് കൂടുതൽ മരിച്ചതെന്ന കണക്കിനെയും അദ്ദേഹം എതിർത്തു. സി.ആർ.എസ് കണക്ക് പ്രകാരം പുരുഷൻമാരിലാണ് മരണനിരക്ക് കൂടുതലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.