വാക്‌സിനെടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി അസം

നിയമങ്ങൾ ലംഘിച്ചാൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഉടമയ്ക്ക് 25,000 രൂപ വരെ പിഴ

Update: 2022-01-08 07:45 GMT
Editor : Lissy P | By : Web Desk
Advertising

വാക്‌സിനെടുക്കാത്തവർക്ക് ജനുവരി 15 മുതൽ പൊതു ഇടങ്ങളിൽ പ്രവേശനത്തിന് വിലക്കേർപ്പെടുത്തി അസം. ആശുപത്രികളൊഴികെ ഇവർക്ക് പ്രവേശനം നൽകില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.കോവിഡിന്റെ മൂന്നാം തരംഗം അസമിനെ ബാധിച്ചിരിക്കുകയാണ്. സാധ്യമായ എല്ലാ കോവിഡ് കേസുകളും ഒമിക്രോണായി കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ പെട്ടന്നുള്ള വർധനവാണ് പുതിയ നിയമം കൊണ്ടുവരാൻ കാരണം. കോവിഡ് വാക്‌സിൻ എടുക്കാത്തവർ പൊതു സ്ഥലങ്ങളിൽപ്രവേശിക്കുന്നത് തടയാൻ പ്രത്യേക നിയമങ്ങൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നിലവിലുള്ള രാത്രി കർഫ്യുവിനും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 11.30 ന് ആരംഭിച്ചിരുന്ന കർഫ്യു ഇനിമുതൽ 10 മണിക്ക് ആരംഭിക്കുകയും രാവിലെ ആറ് മണിക്ക് അവസാനിക്കുകയും ചെയ്യും.

ഹോട്ടൽ, റെസ്റ്റോറന്റുകൾ, സിനിമാ ഹാളുകൾ, സർക്കാർ ഓഫീസുകൾ, മാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ രണ്ടുഡോസ് വാക്‌സിൻ എടുത്ത ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. വാക്‌സിൻ സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം നൽകുക. വാക്‌സിനേഷൻ എടുക്കാത്ത ആളുകൾക്ക് ഇത് ഒരുതരം കർഫ്യൂ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഉടമയ്ക്ക് 25,000 രൂപ വരെ പിഴ ചുമത്തും. വാക്‌സിനെടുക്കാത്ത ആൾ സ്ഥാപനത്തിൽ പ്രവേശിച്ചാൽ ഉത്തരവാദിത്തം ഉടമയ്ക്കായിരിക്കും. വാക്‌സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ഓഫീസുകളിൽ ഹാജരാകരുത്. ശമ്പളമില്ലാത്ത അവധിയായിരിക്കും അനുവദിക്കുക. പൂർണമായും വാക്‌സിനേഷൻ എടുത്തവരും മാസ്‌ക് ധരിച്ചവർക്കും മാത്രമാണ് ഇരുചക്രവാഹനങ്ങളുടെ പിന്നിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. ഗുവാഹത്തിയിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾക്ക് അവധിയായിരിക്കും.ഒമ്പതുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News