'അവരെ വെടിവെയ്ക്കുക'... ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വം വിദ്വേഷ പ്രഭാഷകരെ തൊടാന്‍ ഭയക്കുമ്പോള്‍
മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച കാളീചരണിനെ അറസ്റ്റ് ചെയ്തെങ്കിലും മുസ്‍ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ കൊലവിളിയില്‍ ഒരു നടപടിയുമുണ്ടായില്ല
ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ ഒരു സന്യാസി, മതപരിവർത്തനങ്ങളും ഗോഹത്യയും നിർത്താൻ ഉദ്‌ബോധിപ്പിക്കുന്നു- "അവരെ തടയുക, അവരെ ശകാരിക്കുക, എന്നിട്ടും മാറ്റമില്ലെങ്കില്‍... അവരെ വെടിവെയ്ക്കുക." സന്യാസി മുദ്രാവാക്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ജനക്കൂട്ടം "അവരെ വെടിവെയ്ക്കുക" എന്ന് കൂടുതൽ ഉച്ചത്തില്‍ പറയുന്നു.
ഈ രംഗം ഡിസംബറിൽ നടന്ന ധര്‍മ സൻസദ് മത സമ്മേളനത്തിനിടെ പകർത്തിയ വീഡിയോയിലേതാണ്. ഈ വിദ്വേഷ പ്രസംഗം ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ളതല്ല, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാര്‍ ഭരിക്കുന്ന ഛത്തീസ്ഗഢില്‍ നിന്നുള്ളതാണ്. ഛത്തീസ്ഗഢിന്‍റെ തലസ്ഥാനമായ റായ്പൂരിലായിരുന്നു സമ്മേളനം.
മുസ്‍ലിംകളെ കൊല്ലാൻ ഹിന്ദു സന്യാസിമാർ ആഹ്വാനം ചെയ്ത ഹരിദ്വാർ സമ്മേളനത്തെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു- ഇത്തരത്തിലുള്ള വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാവ് പ്രമോദ് ദുബെ "അവരെ വെടിവയ്ക്കുക" എന്ന് ആഹ്വാനം ചെയ്ത ഹിന്ദു സന്യാസി രാം ബാലക് ദാസിന് നന്ദി പറഞ്ഞു. "നിങ്ങൾ ഞങ്ങളുടെ ഗുരുവാണ്" എന്ന് റായ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാൻ ദുബെ, ബാലക് ദാസിനെ പേരെടുത്ത് അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. "സനാതന ധർമം സംരക്ഷിക്കാനുള്ള താങ്കളുടെ സന്ദേശം പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കാരണം അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല"- എന്നാണ് ദുബെ പറഞ്ഞത്.
പരാമര്‍ശത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ താൻ ആ പരിപാടിയിലെ അതിഥിയായിരുന്നുവെന്ന് ദുബെ പറഞ്ഞു. ചില നല്ല കാര്യങ്ങളും അവിടെ പറഞ്ഞു. നിങ്ങളെ ഒരു കല്യാണത്തിന് ക്ഷണിക്കുകയും മൂന്നാമതൊരാൾ അവിടെ കുഴപ്പം സൃഷ്ടിക്കുകയും ചെയ്താൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?"- എന്നാണ് ദുബെയുടെ ന്യായീകരണം.
എന്നാല്‍ പരിപാടിയുടെ സംഘാടകരിൽ ഒരാളായ നീലകണ്ഠ് സേവാ സൻസ്ഥയുടെ നീലകണ്ഠ ത്രിപാഠി പറയുന്നത് ദുബെ പരിപാടിയുടെ സംഘാടക സമിതിയുടെ പ്രസിഡന്‍റായിരുന്നു എന്നാണ്.
കോൺഗ്രസ് നേതാവ് പ്രമോദ് ദുബെ ധര്‍മ സന്‍സദ് വേദിയില്‍
'ഞാൻ ഒരുപാട് പേരെ കൊന്നിട്ടുണ്ട്'
ഡിസംബർ 25, 26 തിയ്യതികളിലായിരുന്നു റായ്പൂരിലെ ധര്‍മ സൻസദ് അഥവാ മതപാർലമെന്‍റ്. നീലകണ്ഠ് സേവാ സൻസ്ഥാനും ദൂധധാരി മഠവും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്‍റെ അജണ്ട ആറ് പോയിന്റുകളായി സംഗ്രഹിച്ചിരുന്നു. അതിലൊന്ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നായിരുന്നു. ഹിന്ദു രാഷ്ട്രം അജണ്ടയിൽ ഉണ്ടായിരുന്നുവെന്നും ഹിന്ദു രാഷ്ട്രത്തിലേക്ക് എങ്ങനെയെത്താമെന്ന് ധർമ സൻസദിൽ ചർച്ച ചെയ്തുവെന്നും നീലകണ്ഠ ത്രിപാഠി പറഞ്ഞു.
കാളീചരൺ മഹാരാജ് മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സമ്മേളനം ദേശീയ തലത്തില്‍ വാര്‍ത്തയായി. ഛത്തീസ്ഗഢ് പൊലീസ് ഉടൻ തന്നെ അദ്ദേഹത്തിനെതിരെ കേസെടുത്തു. ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505(2), 294 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സമൂഹത്തില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തല്‍, പൊതുസ്ഥലത്ത് സഭ്യമല്ലാത്ത പരാമര്‍ശം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് അതിലും മോശമായ കാര്യങ്ങള്‍ അവിടെ നടന്നു എന്നാണ്.
പല പ്രഭാഷകരും ഇസ്‌ലാം മതത്തെയും ക്രിസ്തുമതത്തെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തി. ചിലർ ഒരു പടി കൂടി കടന്ന് അക്രമത്തിന് ആഹ്വാനവും നല്‍കി. ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള സ്വാമി സമ്പൂർണാനന്ദ പറഞ്ഞതിങ്ങനെ- "സന്യാസിമാർ സമാധാനകാലത്ത് മാത്രമേ വിശുദ്ധരായി നിലകൊള്ളൂ, കലഹ സമയത്ത് അവർ യോദ്ധാക്കളായി മാറുന്നു."
മറ്റൊരു കാവി വസ്ത്രധാരിയായ ത്രിവേണി ദാസ്, തന്റെ പ്രസംഗത്തിൽ ഇസ്‌ലാമിനെ അക്രമാസക്തമായ മതം ആക്ഷേപിച്ചു. "ലോകത്ത് മുസ്‍ലിംകള്‍ കൂട്ടക്കൊലകൾ അഴിച്ചുവിട്ടു" എന്നു പ്രസംഗിച്ചു. ഛത്തീസ്ഗഢിലെ ജനസംഖ്യയുടെ 2 ശതമാനം മാത്രമാണ് മുസ്‍ലിംകള്‍.
പ്രഭാഷകരുടെ രോഷം മുസ്‍ലിംകളോട് മാത്രമായിരുന്നില്ല. ആദിവാസികളെയും ദലിതരെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന ആകുലതയും അവര്‍ക്കുണ്ടായിരുന്നു. ഛത്തീസ്ഗഢിലെ ജനസംഖ്യയുടെ 30.62 ശതമാനം പട്ടികവർഗക്കാരും ആദിവാസികളുമാണ്. അവരെ ഹിന്ദുത്വയിലേക്ക് കൊണ്ടുവരാൻ ഹിന്ദുത്വ ഗ്രൂപ്പുകൾ പണ്ടേ ശ്രമിച്ചിരുന്നു.
ചത്തീസ്ഗഢിലെ ആര്യസമാജ തലവൻ ആചാര്യ അൻഷു ദേവ്, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ "ഘർ വാപ്സി" നടത്തേണ്ടതിന്‍റെ "അടിയന്തര" ആവശ്യകതയെ കുറിച്ച് സംസാരിച്ചു. "ഛത്തീസ്ഗഢില്‍ രാവും പകലും മതപരിവർത്തനം നടക്കുന്നു, എന്നാൽ ഒരു പാസ്റ്ററെയും അതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടില്ല. അവരെയെല്ലാം തിരിച്ച് പരിവർത്തനം ചെയ്യാൻ കഴിഞ്ഞാൽ, നമുക്ക് സ്വയമേവ ഒരു ഹിന്ദു രാഷ്ട്രം ലഭിക്കും"- ആചാര്യ അൻഷു ദേവ് പറഞ്ഞു.
കൊലവിളി നടത്തിയ ബാലക് ദാസ്
ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയില്‍ നിന്നുള്ള 45കാരനായ സന്യാസി രാം ബാലക് ദാസിൽ നിന്നാണ് അക്രമത്തിന് നേരിട്ടുള്ള ആഹ്വാനമുണ്ടായത്. ഗോവധം തടയാനായി താൻ നിരവധി ആളുകളെ കൊന്നിട്ടുണ്ടെന്ന് അദ്ദേഹം വീമ്പിളക്കി- "ഞാൻ നിരവധി കൈകാലുകൾ വെട്ടിയിട്ടുണ്ട്, ഞാൻ നിരവധി പേരെ കൊല്ലുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്."
2000ൽ വിഭജനത്തിന് മുമ്പ് ഛത്തീസ്ഗഢ് മധ്യപ്രദേശിന്റെ ഭാഗമായിരുന്നപ്പോൾ താൻ അക്രമത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് ബാലക് ദാസ് പറഞ്ഞത്. അന്ന് പശു സംരക്ഷണ നിയമമോ ഗോ സേവാ ആയോഗോ ഉണ്ടായിരുന്നില്ലെന്നും ബാലക് ദാസ് പറഞ്ഞു. ഛത്തീസ്ഗഢില്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ 2003ൽ പശു സംരക്ഷണ കമ്മീഷൻ രൂപീകരിച്ചു. 2018ൽ കോൺഗ്രസിനോട് പരാജയപ്പെടുംവരെ മൂന്ന് തവണ സംസ്ഥാനം ഭരിച്ചു.
ഹിന്ദുത്വം അക്രമത്തിലൂടെ പ്രചരിപ്പിക്കേണ്ടതല്ലെന്ന് ഹിന്ദു സന്യാസിമാർ പ്രസംഗിക്കുമ്പോൾ, ഹിന്ദു കുടുംബങ്ങൾ ആയുധമേന്തണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ബാലക് ദാസ് തുടർന്നു പറഞ്ഞു. "അവരെ വെടിവയ്ക്കുക" എന്ന മുദ്രാവാക്യത്തിലൂടെ അക്രമത്തിനുള്ള ആഹ്വാനം കൂടുതൽ വ്യക്തമായി.
ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാളീചരണിനെ അറസ്റ്റ് ചെയ്തതല്ലാതെ മറ്റാരെയും ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യുകയോ നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. കാളീചരണിനെതിരായ പരാതി മാത്രമാണ് അന്വേഷിക്കുന്നതെന്ന് റായ്പൂർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.
തന്നെ തൊടാൻ സർക്കാർ ധൈര്യപ്പെടില്ലെന്ന് ബാലക് ദാസ് അവകാശപ്പെട്ടു- "എന്‍റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് എനിക്കെതിരെ നടപടിയെടുക്കാമായിരുന്നു. എന്റെ ഭൂതകാലം അവർക്കറിയാം, അത് കോടതി രേഖകളിലുണ്ട്. പക്ഷേ സർക്കാർ എന്നെ ഒഴിവാക്കുന്നു. കാരണം അവർ എന്നെ തൊട്ടാല്‍ അത് തിരിച്ചടിയാകുമെന്ന് അവർക്കറിയാം. പൊലീസ് ചോദ്യംചെയ്യാന്‍ പോലും എന്നെ വിളിപ്പിച്ചില്ല. കാളീചരണ്‍ തന്‍റെ പ്രസംഗത്തിനു മുന്‍പ് എന്‍റെ കാലില്‍ സ്പര്‍ശിച്ചിരുന്നു"- മാധ്യമപ്രവര്‍ത്തകനോട് ബാലക് ദാസ് പറഞ്ഞു."
ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാളീചരണിനെ അറസ്റ്റ് ചെയ്തതല്ലാതെ മറ്റാരെയും ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യുകയോ നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. കാളീചരണിനെതിരായ പരാതി മാത്രമാണ് അന്വേഷിക്കുന്നതെന്ന് റായ്പൂർ പോലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.
'ബിജെപിയുടെ ഹിന്ദുത്വവുമായി സന്ധി ചെയ്യുന്ന കോണ്‍ഗ്രസ്'
മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗങ്ങൾക്കെതിരായി നടപടിയെടുക്കാത്തത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് തോന്നുമെങ്കിലും ഛത്തീസ്ഗഢിലെ രാഷ്ട്രീയ നിരീക്ഷകരെ ഇത് അത്ഭുതപ്പെടുത്തുന്നില്ല.
ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റേത് മൃദുഹിന്ദുത്വ നയമാണെന്ന് നേരത്തെ തന്നെ വിമര്‍ശനമുണ്ട്. 2018ൽ ചുമതലയേറ്റ ശേഷം പശുക്കളെ കേന്ദ്രീകരിച്ച് നിരവധി പദ്ധതികൾ ബാഗേൽ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കറവയില്ലാത്ത പശുക്കളെ വിൽക്കുന്നത് നിരുത്സാഹപ്പെടുത്താൻ സർക്കാർ കര്‍ഷകരില്‍ നിന്ന് ചാണകം സംഭരിക്കുന്നു. മുഖ്യമന്ത്രി ഗോശാലകളുടെ ഉദ്ഘാടനവും പരിശോധനയും പലപ്പോഴും നടത്താറുണ്ട്.
ശ്രീരാമന്‍റെ ഭവനമായി സംസ്ഥാനത്തെ ഉയർത്തിക്കാട്ടാനും ബാഗേൽ സർക്കാര്‍ ശ്രമിക്കുന്നു. ശ്രീരാമന്റെ അമ്മയായ മാതാ കൗസല്യയുടെ പുരാതന ക്ഷേത്രത്തിന്‍റെ വിപുലീകരണത്തിന് 2020ൽ റായ്പൂരില്‍ തറക്കല്ലിട്ടു. അതേ വർഷം സർക്കാരിന്‍റെ രണ്ടാം വർഷികത്തോട് അനുബന്ധിച്ച് രാമായണം പ്രമേയമാക്കി നാല് ദിവസം നീണ്ട മെഗാ റാലി സംഘടിപ്പിച്ചു.
റാം വൻ ഗമൻ പരിപഥ് രഥയാത്ര എന്ന് നാമകരണം ചെയ്യപ്പെട്ട റാലി, തന്റെ 14 വർഷത്തെ വനവാസത്തിനിടെ ശ്രീരാമൻ സഞ്ചരിച്ച പാതയിലൂടെ കടന്നുപോയി. ഛത്തീസ്ഗഢ് സർക്കാർ 134 കോടി രൂപ ചെലവഴിച്ചാണ് രാം വൻ ഗമൻ പരിപഥ് പാതയൊരുക്കിയത്. സര്‍ക്കാര്‍ ഈ പദ്ധതികളെ സാമ്പത്തിക സ്രോതസ്സുകളായി അവതരിപ്പിച്ചു- ചാണകത്തില്‍ നിന്ന് വൈദ്യുതി, റാം വൻ ഗമൻ പരിപഥ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് എന്നിങ്ങനെ...
എന്നാൽ എല്ലാവരും അത് വിശ്വാസത്തിലെടുത്തില്ല. സംസ്ഥാനത്തെ തദ്ദേശീയ സമുദായങ്ങളുടെ വ്യതിരിക്തമായ മതവിശ്വാസങ്ങളോടും ആചാരങ്ങളോടും സർക്കാർ മുഖംതിരിക്കുകയാണെന്നും ഹിന്ദു ഭൂരിപക്ഷവാദമാണ് ഉയര്‍ത്തുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
ധര്‍മ സന്‍സദ് വേദിക്കു പുറത്ത് മുഖ്യന്ത്രി ഭൂപേഷ് ബാഗലിന്‍റെ ചിത്രം
ഹിന്ദുത്വ രാഷ്ട്രീയത്തിൽ മുഴുകിയതിന്‍റെ നീണ്ട ചരിത്രമാണ് കോൺഗ്രസിനുള്ളതെങ്കിലും ഛത്തീസ്ഗഢിലെ സാഹചര്യം അൽപ്പം സവിശേഷമായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു. "ഇവിടെ ബി.ജെ.പിയുടെ ഹിന്ദുത്വവുമായി പൊരുത്തപ്പെടാൻ സർക്കാർ ഏറെക്കുറെ മത്സരിക്കുന്നതായി തോന്നുന്നു. ഇവിടെ കോൺഗ്രസ് രാഷ്ട്രീയം പശുക്കളെയും ക്ഷേത്രങ്ങളെയും ചുറ്റിപ്പറ്റിയാണ്"- ആക്റ്റിവിസ്റ്റ് അലോക് ശുക്ല പറഞ്ഞു.
റായ്പൂർ ധര്‍മ സന്‍സദില്‍ ക്ഷണം സ്വീകരിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതായി ശുക്ല ചൂണ്ടിക്കാട്ടി. (മുഖ്യമന്ത്രി ബാഗേല്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സഹായി പറഞ്ഞു.) ദുബെയെ കൂടാതെ മുൻ കോൺഗ്രസ് നിയമസഭാംഗവും ഛത്തീസ്ഗഢ് ഗോ സേവാ ആയോഗ് ചെയർമാനുമായ മഹന്ത് റാം സുന്ദർ ദാസായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. മറ്റൊരു മുതിർന്ന നേതാവും സംസ്ഥാനത്തെ യോഗാ കമ്മീഷൻ മേധാവിയുമായ ഗ്യാനേഷ് ശർമ്മയും ചടങ്ങിൽ പങ്കെടുത്തു.
"മതസമ്മേളനം പൂര്‍ണമായി ഹിന്ദു രാഷ്ട്രത്തെ മഹത്വവൽക്കരിക്കുന്നതായിരുന്നുവെന്ന് അലോക് ശുക്ല പറയുന്നു. "ഗാന്ധിജിയുടെ ചിന്തകൾ നിലനിൽക്കും. എന്നാൽ ഇപ്പോൾ ഏറ്റവും അടിയന്തര ഭീഷണി നേരിടുന്നത് ന്യൂനപക്ഷങ്ങളാണ്. അവിടെ ഒഴുകിയ വിദ്വേഷത്തെ അപലപിക്കാന്‍ ഒന്നും ചെയ്തില്ല."
ദ സ്ക്രോള്‍ പ്രസിദ്ധീകരിച്ച 'Shoot them': In Congress-ruled Chhattisgarh, hate speech against Muslims, Christians goes unchecked എന്ന ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ. പരിഭാഷപ്പെടുത്തിയത് സിതാര ശ്രീലയം