ഗുജറാത്തിലെ പാഠനിൽ കോൺഗ്രസ് 18,000 വോട്ടുകൾക്ക് മുന്നിൽ

ഗുജറാത്തിൽ 24 സീറ്റിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്

Update: 2024-06-04 06:54 GMT
Editor : Lissy P | By : Web Desk
Advertising

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ 24 സീറ്റിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. ഒരു സീറ്റിൽ കോൺഗ്രസും ലീഡ് നില ഉയർത്തിയിരിക്കുകയാണ്. പാഠനിലാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. 18,000 വോട്ടുകൾക്കാണ് കോൺഗ്രസ് മുന്നിലുള്ളത്. കോൺഗ്രസിന്റെ ചന്ദൻജി ഠാക്കൂറാണ് ലീഡ് ചെയ്യുന്നത്. 137,539 വോട്ടുകളാണ് ഠാക്കൂർ നേടിയത്. ബിജെപി സ്ഥാനാർഥിയായ ഭാരത്സിംഗ് ദാഭിയെക്കാൾ 18,956 വോട്ടുകൾക്കാണ് ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുന്നത്.

ബി.ജെ.പിയുടെ കോട്ടയെന്ന് പലരും വാഴ്ത്തുന്ന ഗുജറാത്തിലെ ഫലം ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഗുജറാത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷാ ഗാന്ധിനഗറിൽ മുന്നിട്ട് നിൽക്കുകയാണ്. കഴിഞ്ഞ രണ്ടുതവണയും 26 സീറ്റുകളും തൂത്തുവാരിയാണ് ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയത്.

ഇന്ത്യ-ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഗുജറാത്തിൽ ബിജെപി 25-26 സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. കോൺഗ്രസിന് കഷ്ടിച്ച് ഒരു സീറ്റ് ലഭിച്ചേക്കുമെന്ന് എക്സിറ്റ് പോൾ പറയുന്നു. സബർകാന്തയും ബറൂച്ചുമാണ് കോൺഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് കുറച്ച് വിയർപ്പൊഴിക്കേണ്ട രണ്ട് സീറ്റുകൾ. എഎപിയും കോൺഗ്രസും ഇൻഡ്യ മുന്നണിയും ബറൂച്ച്, ഭാവ്‌നഗർ സീറ്റുകളിൽ ഒരുമിച്ചാണ് മത്സരിക്കുന്നത്. രണ്ട് സീറ്റുകളിൽ -- ബറൂച്ച്, ഭാവ്‌നഗർ എന്നീ രണ്ട് സീറ്റുകളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ശ്രദ്ധേയമാണ്. വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിക്ക് 63 ശതമാനവും കോൺഗ്രസിന് 30 ശതമാനവും എഎപിക്ക് 3 ശതമാനവും വോട്ട് ലഭിച്ചേക്കും.

വോട്ടെടുപ്പിന് മുന്നേ ഗുജറാത്തിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി

ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ ആണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. കോൺഗ്രസിന്റെ നിലേഷ് കുംഭാനിയുടെ പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്പി സ്ഥാനാർഥിയും സ്വതന്ത്രൻമാരും പത്രിക പിൻവലിച്ചതോടെയാണ് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമാണ് എതിരില്ലാത്ത വിജയം. പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ബി.ജെ.പി അക്കൗണ്ട് തുറന്നുവെന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News