ഭൂമിക്കടിയില്‍ മുത്തുകള്‍; കുഴിച്ചെടുക്കാന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ: മുത്തുകളുടെ കലവറയായി മധ്യപ്രദേശിലെ ഗ്രാമം

ദാമോ ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നും ഇതിനു മുന്‍പ് മുത്തുകള്‍ കണ്ടെടുത്ത സംഭവമുണ്ടായിട്ടുണ്ട്

Update: 2023-09-02 04:57 GMT
Editor : Jaisy Thomas | By : Web Desk

ഭൂമിക്കടിയില്‍ നിന്നും കിട്ടിയ മുത്തുകള്‍

Advertising

ദാമോ: മുത്തുകളും മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷെ വിലയല്‍പം കൂടുതലായതുകൊണ്ട് ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിക്കാറാണ് പലരുടെയും പതിവ്. എന്നാല്‍ വീടിനടത്തു നിന്നും കുറച്ചു മുത്തുകള്‍ കിട്ടിയാലോ? മധ്യപ്രദേശിലെ ദാമോ ജില്ലയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഖിർക്കയിലെ ബാലാകോട്ട് ഗ്രാമത്തിന് സമീപമുള്ള പ്രദേശത്തു നിന്നും പ്രദേശവാസികള്‍ മുത്തുകള്‍ കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

ദാമോ ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നും ഇതിനു മുന്‍പ് മുത്തുകള്‍ കണ്ടെടുത്ത സംഭവമുണ്ടായിട്ടുണ്ട്. ബോറിയ, ടെണ്ടുഖേഡ ബ്ലോക്കുകളില്‍ നിന്നാണ് മുത്തുകള്‍ കുഴിച്ചെടുത്തത്. ഈ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും കറുത്ത മുത്തുകളാണ് കണ്ടെത്തിയത്. ഈയിടെയാണ് ബാലാകോട്ടില്‍ മുത്തുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതറിഞ്ഞയുടൻ ഗ്രാമവാസികൾ സ്ഥലം സന്ദർശിച്ച് പുലർച്ചെ തന്നെ മണ്ണ് കുഴിക്കാൻ തുടങ്ങി.കുട്ടികൾ മുതൽ പ്രായമായവർ വരെ മുത്തുകള്‍ക്കായി തിരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിലര്‍ക്ക് വിലപിടിപ്പുള്ള മുത്തുകള്‍ ലഭിക്കുകയും ചെയ്തു. 200 ഓളം ഗ്രാമീണർ ഓരോ ദിവസവും അതിരാവിലെ മുത്തുകൾ തേടി ഇവിടെയെത്തുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 1 കിലോ കറുത്ത മുത്ത് വേർതിരിച്ചെടുത്തതായി ഗ്രാമവാസികൾ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ മുത്തുകള്‍ വിറ്റ് ചിലർ ഏകദേശം 10,000 മുതൽ 15,000 രൂപ വരെ സമ്പാദിച്ചിട്ടുണ്ട്. തൂക്കത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ടെങ്കില്‍ 5000 മുതൽ 7000 രൂപ വരെ ലഭിക്കും. കഴിഞ്ഞ ഒരു മാസമായി ഗ്രാമവാസികൾ കുഴിയെടുക്കുകയാണെന്നും മിക്കവാറും എല്ലാവരും ഇവിടെയെത്താറുണ്ടെന്നും ബാലകോട്ട് നിവാസിയായ ജഗദീഷ് പറഞ്ഞു.കുറച്ച് ആളുകൾ കറുത്ത മുത്തുകളും മറ്റ് ചില മുത്തുകളും ശേഖരിച്ചിട്ടുണ്ട്. മാല അല്ലെങ്കില്‍ മറ്റ് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന മുത്തുകളാണിവയെന്ന് പുരാവസ്തു ഗവേഷകൻ സുരേന്ദ്ര ചൗരസ്യ പറഞ്ഞു. ഗ്രാമവാസികള്‍ ശേഖരിക്കുന്ന മുത്തുകൾ മനോഹരവും മാലകളിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News