നരഭോജി ചെന്നായയുടെ ആക്രമണം; 1996ലെ നടുക്കുന്ന ഓർമകളിൽ യു.പി ഗ്രാമങ്ങൾ

1996ൽ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുൽത്താൻപൂർ, ജൗൻപൂർ എന്നിവിടങ്ങളിലും 60ൽ അധികം കുട്ടികളാണ് ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Update: 2024-09-06 11:34 GMT
Advertising

നരഭോജി ചെന്നായയുടെ ആക്രമണങ്ങൾ ഉത്തർപ്രദേശിൽ ഒരു പുതിയ സംഭവമല്ല. സമീപകാലത്ത് ബഹ്‌റായിച്ചിൽ ഒമ്പത് കുട്ടികളടക്കം 10 പേരെ ചെന്നായകൾ കൊലപ്പെടുത്തിയത് 1996ൽ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുൽത്താൻപൂർ, ജൗൻപൂർ എന്നിവിടങ്ങളിലും 60ൽ അധികം കുട്ടികൾ കൊല്ലപ്പെട്ട ചെന്നായ ആക്രമണത്തിന്റെ ഭീകരമായ ഓർമപ്പെടുത്തലാണ്.

28 വർഷം മുമ്പ് നടന്ന സംഭവമായിരിന്നിട്ടും അതിന്റെ ഭീകരമായ ഓർമകളിൽനിന്ന് ഗ്രാമവാസികൾ ഇനിയും മുക്തരായിട്ടില്ല. പ്രതാപ്ഗഡിലെ ഒരു കുഗ്രാമമായ തിവാരിപൂർ കല ഇപ്പോൾ ചെന്നായ ആക്രമണമുണ്ടായ ബഹ്‌റായ്ച്ചിലെ മഹ്‌സി തെഹ്‌സിൽ ഗ്രാമത്തിൽനിന്ന് 227 കിലോമീറ്റർ അകലെയാണ്. 1996ൽ ചെന്നായ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് ഇവിടെയായിരുന്നു. ഇപ്പോഴും ഭയം തങ്ങളെ വിട്ടുപോയിട്ടില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. നേരമിരുട്ടിയാൽ വീടിന് പുറത്തിങ്ങാൻ ഇവർക്ക് ഭയമാണ്.

മുജ്ജൻമ പാപമാണ് ചെന്നായ ആക്രമണത്തിന് കാരണമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ഗ്രാമത്തിലെ മുതിർന്ന പൗരനായ കനയ്യ ലാൽ പറഞ്ഞു. തങ്ങൾ നേരിട്ട ഏറ്റവും ഭീകരമായ കാലമായിരുന്നു അത്, അമ്മമാരുടെ മടിയിലിരിക്കുന്ന കുട്ടികൾ പോലും സുരക്ഷിതരായിരുന്നില്ല. 60ൽ കൂടുതൽ കുട്ടികളാണ് അന്ന് കൊല്ലപ്പെട്ടതെന്നും കനയ്യ ഓർമിക്കുന്നു.

''ഞങ്ങളുടെ ഗ്രാമവും റാണിഗഞ്ച്, പാട്ടി, വിശ്വനാഥ്ഗഞ്ച്, കൂടാതെ സുൽത്താൻപൂർ, ജൗൻപൂർ തുടങ്ങിയ അയൽ ജില്ലകളിലെ ഗ്രാമങ്ങൾ പോലും നിരന്തരമായ ഭീഷണിയിലായിരുന്നു. വനംവകുപ്പ് ഇടപെട്ടതോടെയാണ് ചെന്നായയുടെ ശല്യം ഇല്ലാതായത്''-കനയ്യ ലാൽ പറഞ്ഞു.



ചെന്നായയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ നടക്കുന്ന ഓർമകളാണ് ഗ്രാമവാസിയായ മുകേഷ് യാദവിന് പങ്കുവെക്കാനുള്ളത്. ''അന്നെനിക്ക് 24 വയസ്സായിരുന്നു. അർധരാത്രിയിൽ എന്റെ വയലിൽ ഉറങ്ങുകയായിരുന്ന എന്നെ ചെന്നായ ആക്രമിച്ചു. അത് എന്റെ കഴുത്തിൽ പിടിക്കാൻ ശ്രമിച്ചു, പക്ഷേ അതിന്റെ നഖങ്ങൾ എന്റെ ചർമത്തിൽ ആഴ്ന്നിറങ്ങുന്നതിന് മുമ്പ് അതിനെ ഞാൻ തള്ളിമാറ്റി. എന്നെ ഞെട്ടിച്ചുകൊണ്ട് ചെന്നായ വീണ്ടും എന്റെ നേരെ വന്നു, ഇത്തവണ എന്റെ തുടയിൽ പിടിച്ചു. അതിനെ പ്രതിരോധിക്കാൻ ഞാൻ പാടുപെട്ടു. ഭാഗ്യംകൊണ്ട് ചെന്നായയെ കണ്ട ഒരു ഗ്രാമീണൻ അപായ സൈറൻ മുഴക്കിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. അവരെക്കണ്ടതോടെ ചെന്നായ ഓടിരക്ഷപ്പെട്ടു. ആ രാത്രി സത്യമായും എനിക്കൊരു രണ്ടാം ജന്മമായിരുന്നു ലഭിച്ചത്. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന് പൂർണമായും വനംവകുപ്പുകാരോട് കടപ്പെട്ടിരിക്കുന്നു''-മുകേഷ് പറഞ്ഞു.

യുപി വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ദൗത്യമായിരുന്നു ചെന്നായകളെ ഇല്ലാതാക്കാൻ വേണ്ടി നടത്തിയതെന്ന് വനംവകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ വി.കെ സിങ് പറഞ്ഞു. എട്ട് മാസത്തോളം നീണ്ട ദൗത്യത്തിൽ 100ൽ കുടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. 13 നരഭോജി ചെന്നായകളെ അന്ന് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ഓർമിക്കുന്നു.

ജൗൻപൂർ, പ്രതാപ്ഗഡ്, സുൽത്താൻപൂർ എന്നിവയുമായി അതിർത്തി പങ്കിടുന്ന സായ് നദിയിലാണ് ചെന്നായകളെ പിടികൂടാനുള്ള ദൗത്യം നടന്നതെന്ന് സിങ് വിശദീകരിച്ചു. ഈ പ്രദേശത്തെ ഗ്രാമങ്ങളുടെ അതിരുകളിൽ ചെന്നായകളും കുറുനരികളും വസിച്ചിരുന്നു. പലപ്പോഴും എളുപ്പമുള്ള ഭക്ഷണം തേടുന്നതാണ് ചെന്നായകൾ മനുഷ്യരെ ലക്ഷ്യമിടാൻ കാരണമെന്നാണ് സംശയിക്കുന്നത്. മനുഷ്യമാംസം കഴിച്ചതിനുശേഷം ആകസ്മികമായോ അല്ലെങ്കിൽ അറിഞ്ഞോ ചെന്നായകൾക്ക് അത് ശീലമാവുകയും ഇത് കുട്ടികളെ വേട്ടയാടുന്നത് തുടരുന്നതിലേക്ക് ചെന്നായ്ക്കളെ നയിക്കുകയും ചെയ്തിരിക്കാമെന്നും സിങ് പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ ചെന്നായകളാണെന്ന് എങ്ങനെ കണ്ടെത്തി?

കൊലപാതകങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനം നടത്താൻ യുപി സർക്കാർ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരെ നിയോഗിച്ചു. ഗവേഷകർ പ്രദേശത്തിന്റെ കണക്കുകൂട്ടലിൽ തുടങ്ങി, ആക്രമണം നടന്ന ഭൂപ്രകൃതി, ഗ്രാമത്തിലെ കുടിലുകളുടെ വ്യാപനം, കൃഷിയിടങ്ങളുടെ സാമീപ്യം, ചെറിയ വളർത്തുമൃഗങ്ങളുടെ ലഭ്യത, ദുർബലരായ കുട്ടികളുടെ എണ്ണം എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും ചെറിയ വിശദാംശങ്ങൾ പഠിച്ചു. കൂടാതെ, ഇരകളുടെ മാതാപിതാക്കൾ, ദൃക്സാക്ഷികൾ, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് വിവരങ്ങൾ തേടി. കുട്ടികളുടെ അവശിഷ്ടങ്ങളും ഫോറൻസിക് സൂചനകൾക്കായി ഗവേഷകർ പഠിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെടുത്ത രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കാൽപ്പാടുകൾ കണ്ടെത്തിയതായി വെളിപ്പെടുത്തി. ഇത് ചെന്നായയുടേതുമായി പൊരുത്തപ്പെടുന്നവയായിരുന്നു. നിർണായകമായി ഇരകളിൽ കണ്ടെത്തിയ മുടി ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെന്നായയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തത് നിർണായകമായി. ആക്രമണം നടന്ന സ്ഥലങ്ങളിൽ ഒന്നിന് സമീപം ചെന്നായയെ കണ്ടതായും ഗവേഷകർ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് കഴുതപ്പുലികളോ പുള്ളിപ്പുലികളോ ഇല്ല.

ദൃക്‌സാക്ഷികളുമായുള്ള അഭിമുഖങ്ങൾ ഒരു ചെന്നായയുമായി പൊരുത്തപ്പെടുന്ന വിവരണങ്ങൾ നൽകിയത് കണ്ടെത്തലുകളെ കൂടുതൽ സ്ഥിരീകരിക്കുന്നു. ഇരകളുടെ ശരീരത്തിലെ മുറിവുകൾ ചെന്നായയുടെ അകലവുമായി പൊരുത്തപ്പെടുന്നതായിരുന്നു. കൂടാതെ, ഇരകളുടെ അവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കണ്ടെത്തി, ഇത് ചെന്നായ ആക്രമണത്തിന്റെ സവിശേഷതയാണ്. അവശിഷ്ടങ്ങൾ ഭൂരിഭാഗവും കേടുകൂടാതെയും ചിതറിക്കിടക്കാത്തതുമായിരുന്നു എന്നതും ചെന്നായയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു.

മറ്റു വന്യമൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെന്നായ്ക്കൾ വളരെ സവിശേഷ സ്വഭാവക്കാരാണെന്ന് സിങ് പറഞ്ഞു. അവർ വേഗതയുള്ളവരും ബുദ്ധിയുള്ളവരുമാണ്, ഷൂട്ടർമാർക്ക് വ്യക്തമായ ഷോട്ട് ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്. അവരുടെ കൊലപാതക രീതി പഠിച്ചുകൊണ്ടാണ് ഞങ്ങൾ തുടങ്ങിയത്. ഓരോ ആക്രമണത്തിനും ശേഷവും, അടുത്ത ആക്രമണത്തിന് മുമ്പ് മൂന്ന് ദിവസത്തെ ഇടവേള ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ നിരീക്ഷിച്ചു, എല്ലായ്‌പ്പോഴും മറ്റൊരു സ്ഥലത്തായിരിക്കും അടുത്ത ആക്രമണം.

എന്നിരുന്നാലും, ചെന്നായകളെ ട്രാക്ക് ചെയ്യുന്നതും അവരുടെ പെരുമാറ്റം മനസ്സിലാക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രത്യേകിച്ച് ആധുനിക സാങ്കേതികവിദ്യയില്ലാത്ത ഒരു കാലഘട്ടത്തിൽ. അന്ന് ഞങ്ങൾക്ക് ഇന്റർനെറ്റ്, ഡ്രോണുകൾ, വാക്കി-ടോക്കികൾ, മൊബൈൽ ഫോണുകൾ പോലുള്ള വിപുലമായ ആശയവിനിമയ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വെല്ലുവിളികൾക്കിടയിലും, 13ഓളം ചെന്നായകളെ കൊല്ലുന്നതിൽ സംഘം വിജയിച്ചു, ഇത് ഒടുവിൽ മനുഷ്യ കൊലപാതകങ്ങൾക്ക് അറുതി വരുത്തിയെന്നും വി.കെ സിങ് പറഞ്ഞു.

അതിനുശേഷം ഏകദേശം 28 വർഷമായെങ്കിലും ചെന്നായയുടെ ആക്രമണം ഇപ്പോഴും പ്രതാപ്ഗഡിലെ ജനങ്ങളെ വേട്ടയാടുന്നു. അതേസമയം, ബഹ്റൈച്ചിൽ, യുപി വനംവകുപ്പും ജില്ലാ ഭരണകൂടവും 150 വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 250-ലധികം ജീവനക്കാരെ വിന്യസിക്കുകയും ശേഷിക്കുന്ന ചെന്നായകളെ കണ്ടെത്താൻ മൂന്ന് സെറ്റ് തെർമൽ ഡ്രോൺ ക്യാമറകൾ അടക്കം വലിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News