2020-22 കാലത്തെ പിഴയും പലിശയും അടക്കണം; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ്
Update: 2024-03-30 07:00 GMT
ന്യൂഡല്‍ഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2020-21 , 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്നലെ വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്.
നേരത്തെ നാല് നോട്ടീസുകൾ കോൺഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. 1,700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസവും കോണ്‍ഗ്രസിന് ആദായനികുതി നോട്ടീസ് അയച്ചിരുന്നു.
ഇതുവരെ ലഭിച്ച നോട്ടീസുകള്‍ പ്രകാരം ഏകദേശം 1823 കോടി രൂപ അടക്കേണ്ടിവരും. പുതിയ നോട്ടീസിലെ തുക എത്രയാണെന്ന് വ്യക്തമല്ല. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.അതിന് പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അറിയിച്ചു.