അതിർത്തിയിലുള്ള സൈനികരെ ഉടൻ പിൻവലിക്കണം; ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
ഹൈദരബാദ് ഹൗസിൽ നടന്ന ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
അതിർത്തി പ്രശ്‌നത്തിൽ ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. അതിർത്തിയിലുള്ള സൈനികരെ ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര സൈനിക ഇടപെടലുണ്ടാകുമെന്നും ചർച്ചയിൽ ധാരണയായി.
അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്ക് വേഗം കുറവാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി സംഘർഷഭരിതമാവുമ്പോൾ സമാധാനം സാധ്യമല്ല. അതിർത്തിയിലെ സേനാപിൻമാറ്റം അനിവാര്യമാണ്. സമാധാനവും സ്ഥിരതയുമാണ് അതിർത്തിയിൽ ആവശ്യമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഹൈദരബാദ് ഹൗസിൽ നടന്ന ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രി ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചൈനീസ് വിദേശകാര്യമന്ത്രി ചർച്ച നടത്തി. ചൈന അധ്യക്ഷത വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കാൻ കൂടിയാണ് ചൈനീസ് വിദേശകാര്യമന്ത്രി എത്തിയത്.