മങ്കി പോക്സ് വ്യാപിക്കുന്നു; ഇന്ത്യയിലും ജാഗ്രത, വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി
മുൻ മങ്കിപോക്സ് വൈറസിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വൈറസ്
ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ മങ്കി പോക്സ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത. വിമാനത്താവളം, തുറമുഖങ്ങൾ, അതിർത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മൂന്ന് സെൻട്രൽ ആശുപത്രികളിൽ സഫ്ദർജംഗ് ഹോസ്പിറ്റൽ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, ലേഡി ഹാർഡിഞ്ച് തുടങ്ങിയവയില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. മുൻ മങ്കിപോക്സ് വൈറസിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വൈറസ്. ആഗോളതലത്തില്‍ മങ്കി പോക്സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. "ഞങ്ങൾ കഴിഞ്ഞ ആഴ്ച സംസ്ഥാനങ്ങളുമായും നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC)മായും ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. മങ്കി പോക്സും കോവിഡും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആശുപത്രികളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 32 ഐസിഎംആർ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യം ലഭ്യമാണ്. ചിക്കൻപോക്സിന് സമാനമാണ് എംപോക്സിന്‍റെ ലക്ഷണങ്ങള്‍'' വൃത്തങ്ങള്‍ വ്യക്തമാക്കി.
മരണനിരക്ക് കൂടുതലാണെങ്കിലും ഇന്ത്യയില്‍ രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഞായറാഴ്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തിയിരുന്നു. നിലവിൽ രാജ്യത്ത് മങ്കി പോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉന്നതതല യോഗത്തിൽ വിശദീകരിച്ചു. നിലവിലെ വിലയിരുത്തൽ അനുസരിച്ച്, വലിയൊരു രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണ്. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും രോഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.