മൂന്നോ അഞ്ചോ കൊല്ലത്തിന് ശേഷം 50 ശതമാനം സൈനികരും വിരമിക്കും; 'ടൂർ ഓഫ് ഡ്യൂട്ടി' നിയമനരീതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ

പുതിയ നിയമന രീതിയിലൂടെ പെൻഷൻ ബില്ലുകൾ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Update: 2022-04-07 12:44 GMT
Advertising

ഉദ്യോഗക്ഷാമം പരിഹരിക്കാൻ ഹൃസ്വകാലയളവിൽ സൈനികരെ നിയമിക്കുന്ന പുതിയ നിയമനരീതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ. നിയമനം കിട്ടി മൂന്നോ അഞ്ചോ കൊല്ലത്തിന് ശേഷം 50 ശതമാനം സൈനികരും വിരമിക്കുന്ന 2020 ൽ രൂപവത്കരിക്കപ്പെട്ട രീതി പിന്തുടരാനാണ് നീക്കം. ഈ നിയമന രീതി പ്രകാരം 25 ശതമാനം പേർ മൂന്നു കൊല്ലവും 25 ശതമാനം പേർ അഞ്ച് കൊല്ലവും സൈന്യത്തിന്റെ ഭാഗമാകും. ബാക്കി 50 ശതമാനം പേർ സാധാരണ വിരമിക്കൽ പ്രായം വരെ സേവനം നടത്തും. എന്നാൽ ഹൃസ്വ കാലയളവിന് ശേഷം വിരമിക്കുന്നവർക്ക് ദേശീയ പെൻഷൻ സ്‌കീം വഴി ആനുകൂല്യം നൽകണമെന്നാണ് കരട് നിയമം പറയുന്നത്. മെഡിക്കൽ ആനുകൂല്യങ്ങൾ നിശ്ചിത കാലയളവിലേക്ക് നൽകണമെന്നും പറയുന്നുണ്ട്. പുതിയ നിയമന രീതിയിലൂടെ പെൻഷൻ ബില്ലുകൾ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് വന്നതോടെ 2020ൽ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെൻറ് നിലച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ചൊവ്വാഴ്ച ജന്തർ മന്തിറിലടക്കം പ്രതിഷേധം നടന്നിരുന്നു. തുടർന്നാണ് നിയമന ചർച്ചകൾ സജീവമാകുന്നത്. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാൽ മാത്രമേ നടപടികളിലേക്ക് കടക്കുകയുള്ളു. നിയമനം രീതി അംഗീകരിക്കപ്പെട്ടാൽ നാവികസേനയിലും ഇന്ത്യൻ വായുസേനയിലും നടപ്പാക്കപ്പെട്ടേക്കും.

പുതിയ രീതിപ്രകാരമുള്ള നിയമനം സൈനികരുടെ കാര്യത്തിൽ മാത്രമാണ് സ്വീകരിക്കപ്പെടുക. ഓഫീസർമാരുടെ നിയമനത്തിൽ പ്രയോഗിക്കപ്പെടില്ല. നിലവിൽ സൈന്യത്തിൽ 7476 ഓഫീസർമാരുടെ കുറവുണ്ടെന്നാണ് കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെൻറിൽ സമർപ്പിക്കപ്പെട്ട രേഖകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം നിയമനം നടക്കാത്തതിനാൽ 1.1 ലക്ഷം സൈനികരുടെ കുറവുണ്ടെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ മാസവും 5000 ഒഴിവ് വീതം വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

പെൻഷൻ ബില്ലുകൾ ചുരുക്കാൻ പരിശീലന രീതിയിലും മാറ്റം വേണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഒരേ സമയം 40,000 പേർക്കാണ് പരിശീലനം നൽകാനാകുക. വർഷതോറും 60000 സൈനികരെങ്കിലും വിരമിക്കുന്നുണ്ട്. അതേസമയം, ജനറൽ ഡ്യൂട്ടിയിലേക്കുള്ള സൈനികർക്ക് 34 ആഴ്ചയും ട്രേഡ്‌സ്‌മെൻ വിഭാഗത്തിലേക്കുള്ളവർക്ക് 19 ആഴ്ചയുമാണ് പരിശീലനം നൽകുന്നത്. അതിനാൽ റിക്രൂട്ട്‌മെൻറ് വീണ്ടും തുടങ്ങിയാൽ തന്നെ ഒഴിവുകൾ പൂർണമായി നികത്താൻ 6-7 വർഷം വേണ്ടി വരും.

പുതിയ റിക്രൂട്ട്‌മെൻറ് വഴിയെത്തുന്നവർക്കുള്ള പരിശീലനം 19 ആഴ്ചയായി പരിമിതപ്പെടുത്തുകയാണെങ്കിൽ പോലും ഒഴിവുകൾ നികത്താൻ നാലു വർഷം വേണ്ടി വരും. അതേസമയം, പുതിയ നിയമന രീതിപ്രകാരം എത്തുന്നവർ മൂന്നും അഞ്ചും വർഷം കഴിഞ്ഞ് വിരമിക്കുന്നതിനാൽ അവരുടെ പകരക്കാർക്കും പരിശീലനം നൽകേണ്ടി വരുന്നതും സൗകര്യങ്ങളുടെ അപര്യാപ്തത സൃഷ്ടിക്കും. എന്നാൽ ഈ സൗകര്യക്കുറവ് പരിഹരിക്കാൻ മൂന്നു വർഷം അനുവദിക്കുമെന്നാണ് വിവരം.

India to implement Tour of Duty' Recruitment Model in army recruitment 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News