പക്ഷപാതം കാണിക്കുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കാൻ ഇൻഡ്യാ മുന്നണി
"ചില മാധ്യമങ്ങൾ ശത്രുപക്ഷത്ത് നിർത്തുന്നു"
ന്യൂഡൽഹി: പക്ഷപാതപരമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെയും വാർത്താ അവതാരകരെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണി. ന്യൂഡൽഹിയിൽ ചേർന്ന മുന്നണിയുടെ ആദ്യത്തെ കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ പട്ടിക തയ്യാറാക്കാൻ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ അവതാരകർ നയിക്കുന്ന ഒരു ടെലിവിഷൻ ഷോകളിലും ഇൻഡ്യാ മുന്നണി പങ്കെടുക്കില്ലെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു.
ചില മാധ്യമങ്ങൾ ശത്രുപക്ഷത്ത് നിർത്തുന്നുവെന്നത് പ്രതിപക്ഷത്തിന്റെ നേരത്തെയുള്ള ആരോപണമാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസും അക്കാര്യം ഉന്നയിച്ചിരുന്നു. 2019 മെയിൽ കോൺഗ്രസ് ടെലിവിഷൻ ഷോകൾ ഒരു മാസത്തേക്ക് ബഹിഷ്‌കരിച്ചിരുന്നു.
അതിനിടെ, 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സീറ്റുവിഭജന ചർച്ചയിലേക്ക് മുന്നണി ഔദ്യോഗികമായി തുടക്കമിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത റാലികൾ നടത്താനും ശരദ് പവാറിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലിലാണ് ആദ്യ റാലി. സംസ്ഥാനതലത്തിലാണ് സീറ്റു വിഭജന ചർച്ചകൾ നടക്കുക. പ്രശ്‌നങ്ങളുണ്ടാകുന്ന പക്ഷം ദേശീയ നേതൃത്വം ഇടപെട്ട് പരിഹാരം കാണും.
പ്രതിപക്ഷത്തെ 27 കക്ഷികളാണ് ഭോപ്പാലിലെ റാലിയിൽ അണി നിരക്കുക. ബുധനാഴ്ചയിലെ യോഗത്തിൽ 13 അംഗ ഏകോപന സമിതിയിൽ 12 പേരും പങ്കെടുത്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച തൃണമൂൽ നേതാവ് അഭിഷേക് ബാനർജി എത്തിയില്ല. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് ബാനർജിയെന്ന് സഖ്യം ആരോപിച്ചു.