ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പു കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്രം
ഇതിനകം നൽകിയിട്ടുള്ള ക്രെഡിറ്റ് ലെറ്ററുകൾക്ക് ഗോതമ്പ് കയറ്റുമതി അനുവദനീയമാണെന്ന് സർക്കാർ അറിയിച്ചു
ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പു കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതിനകം നൽകിയിട്ടുള്ള ക്രെഡിറ്റ് ലെറ്ററുകൾക്ക് ഗോതമ്പ് കയറ്റുമതി അനുവദനീയമാണെന്ന് സർക്കാർ അറിയിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.) ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍രാജ്യങ്ങളുടെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ചൈനയ്ക്കു തൊട്ടുപിന്നില്‍, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. എന്നിട്ടും ഏപ്രിലില്‍ ആശങ്കയുളവാക്കുന്ന വിധത്തിലാണ് രാജ്യത്ത് ഗോതമ്പുവില കുതിച്ചുയര്‍ന്നത്. 14 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. നിരവധി ഘടകങ്ങള്‍ ഗോതമ്പ് വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഗോതമ്പിന്‍റെ അന്താരാഷ്‌ട്ര വിലയും വർധിച്ചുവരുന്ന ഇന്ധന വിലയും ഇതിൽ ഉൾപ്പെടുന്നു. ആഗോളതലത്തിൽ ഗോതമ്പ് വില ഉയരുന്ന സാഹചര്യത്തിൽ ഗോതമ്പ് കയറ്റുമതി ചെയ്യണമെന്ന ആവശ്യം വർധിച്ചുവരികയാണ്.
അതേസമയം ഗോതമ്പു കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഡി.ജി.എഫ്.ടി. വിജ്ഞാപനം പുറത്തുവരുന്നതിന് മുന്‍പ് ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ് പുറപ്പെടുവിച്ച ഇടപാടുകള്‍, മറ്റ് രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമുള്ളത് എന്നിവക്കാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്.