'ഭാഷാതടസം കാരണം രാജ്യത്ത് ഉപയോഗിക്കാനാവുന്നത് 5 ശതമാനം പ്രതിഭ മാത്രം': വീണ്ടും ഹിന്ദിവാദവുമായി അമിത് ഷാ
'എന്റെ രാജ്യത്തിന്റെ ഭാഷയുടെ അടിസ്ഥാനത്തിൽ എന്നെ അംഗീകരിക്കണം എന്നതാണ് ലക്ഷ്യം'
ഭോപ്പാൽ: ഇംഗ്ലീഷിനോടുള്ള അഭിനിവേശം കാരണം രാജ്യത്തെ ജനങ്ങളുടെ കഴിവിന്റെ അഞ്ചു ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാതൃഭാഷയിൽ പഠിക്കുന്ന 95 ശതമാനം കുട്ടികളുടെയും കഴിവുകൾ ഉപയോഗശൂന്യമാകുന്നതിനാൽ രാജ്യത്തിന്റെ വികസനം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഭാഷാഭേദമില്ലാതെ മുഴുവൻ പ്രതിഭകളെയും ഉപയോഗിക്കാനായാൽ ഇന്ത്യ ലോകത്ത് സൂര്യനെപ്പോലെ ജ്വലിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഭോപ്പാലിൽ പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കള്ളക്കേസുകളിൽ കുടുക്കിയ കാലത്തെ ഉദാഹരണമാക്കിയതാണ് അമിത് ഷാ വീണ്ടും ഹിന്ദിഭാഷാവാദവുമായി എത്തിയത്. 'കോൺഗ്രസ് എന്റെ മേൽ നിരവധി കേസുകൾ ചുമത്തി. ഞാൻ അത് കോടതികളിൽ അതിനെതിരെപോരാടി. അവിടെ ഒരുപാട് നല്ല അഭിഭാഷകർ വിദഗ്ധമായി കേസുകൾ വാദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും അഭിഭാഷകരെക്കാൾ വളരെ ശക്തമായിട്ടായിരുന്നു പ്രാദേശിക കോടതിയിലെ അഭിഭാഷകർ വാദിച്ചിരുന്നത്. പക്ഷേ ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്തതിനാൽ സുപ്രിംകോടതിയിലും ഹൈക്കോടതിയിലും വാദിക്കാനായില്ല. അവർ സ്‌കൂളിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഇല്ലാതിരുന്നത് അവരുടെ തെറ്റാണോ? അദ്ദേഹം ചോദിച്ചു.
ഗുജറാത്ത് രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ കഥയും അദ്ദേഹം പങ്കുവെച്ചു. 'ആ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ ഹിന്ദിയിൽ നിന്ന് ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്യാൻ നാല് മണിക്കൂറാണ് ചെലവഴിച്ചത്. ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഒരു നേതാവ് ഇതറിഞ്ഞു. ഹിന്ദി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം ഇംഗ്ലീഷ് ഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ശരിയായ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ അംഗീകരിക്കപ്പെടുന്നില്ലെന്ന അപകർഷതാ ബോധം എന്ന അലട്ടുന്നില്ല. എന്റെ രാജ്യത്തിന്റെ ഭാഷയുടെ അടിസ്ഥാനത്തിൽ രാജ്യം എന്നെ അംഗീകരിക്കണം എന്നതാണ് എന്റെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.
അവരുടെ പ്രാദേശിക ഭാഷകളിൽ പഠിക്കുന്ന കുട്ടികളുടെ കഴിവുകൾ രാജ്യത്തെ എല്ലാ മേഖലകളിലും വ്യവസ്ഥകളിലും അംഗീകരിക്കപ്പെടുന്ന ദിവസം ഇന്ത്യ സൂര്യനെപ്പോലെ ജ്വലിക്കും. പ്രതിഭയുടെ 5 ശതമാനം ഉപയോഗിച്ചാലും ആഗോളതലത്തിൽ പല മേഖലകളിലും നമ്മുടെ രാജ്യം മുന്നിലാണെന്നും മന്ത്രി പറഞ്ഞു.