ഇസ്രായേലിലെ ഇറാൻ ആക്രമണം: സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ; പൗരന്മാർക്ക് ജാഗ്രതാ നിർദേശം

മധ്യസ്ഥശ്രമങ്ങൾക്കും പരസ്പരം സന്ദേശങ്ങൾ കൈമാറാനും ഇന്ത്യ തയാറാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

Update: 2024-10-02 03:33 GMT
Advertising

ന്യൂഡൽഹി: ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ലയുടെയും ഹമാസ്​ നേതാവ്​ ഇസ്മാഈൽ ഹനിയ്യയുടേയുമടക്കം വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയെന്നു ചൂണ്ടിക്കാട്ടി ഇസ്രായേലിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യ. സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.

മേഖലയിലെ സംഘർഷം പരിഹരിക്കണം. ഇതിനായി പരസ്പരം സന്ദേശങ്ങൾ കൈമാറാൻ തയാറാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് എംബസി ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സഹായം വേണമെങ്കിൽ അടിയന്തരമായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇന്ത്യ പൗരന്മാരോട് നിർദേശിച്ചു. വിവിധ ഭാഷകളിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയിട്ടുണ്ട്.

സംഘർഷത്തിനു പിന്നാലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് എസ്. ജയശങ്കർ പറഞ്ഞു. രണ്ട് രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടവയാണ്. മധ്യസ്ഥശ്രമങ്ങൾക്കും പരസ്പരം സന്ദേശങ്ങൾ കൈമാറാനും ഇന്ത്യ തയാറാണ്.സംഘർഷം വ്യാപിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക പത്രക്കുറിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.

അതേസമയം, യൂറോപ്പിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഡൽഹിയിൽനിന്നുൾപ്പെടെ സർവീസ് നടത്തുന്ന വിമാനങ്ങൾ ഭൂരിഭാഗവും ഇറാന്റെ എയർ സ്‌പേസ് ആണ് ഉപയോഗിച്ചുവരുന്നത്. സംഘർഷം വ്യാപിച്ചാൽ അത് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കും. അതിനാൽ സാഹചര്യങ്ങൾ കാര്യങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ ജർമനിയിൽനിന്നു പുറപ്പെട്ട ലുഫ്താൻസയുടെ രണ്ട് വിമാനങ്ങൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുകയും തിരികെ പോവുകയും ചെയ്തിരുന്നു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളും നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. മേഖലായുദ്ധ സാധ്യത വർധിച്ചതാടെ ഇറാഖ്​, ജോർദാൻ, ഇസ്രായേൽ, ലബനാൻ, ഇറാൻ എന്നീ രാജ്യങ്ങൾ വിമാന സർവീസുകൾ പലതും നിർത്തിവച്ചു. ബുധനാഴ്ച രാവിലെ​ പത്തു വരെ തെഹ്​റാൻ വിമാനത്താവളം അടച്ചിടും. സംഘർഷം വ്യാപിച്ചതോടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ അടിയന്തര യു.എൻ രക്ഷാസമിതി ഇന്ന്​ യോഗം ചേരും.

ഇറാൻ അയച്ച 200​ലേറെ ബാലിസ്റ്റിക്​ മിസൈലുകളുടെ തീമഴയിൽ ​തെൽ അവീവ്​ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽ നഗരങ്ങളും അക്ഷരാർഥത്തിൽ നടുങ്ങിയ രാവാണ്​ കടന്നുപോയത്​. മുഴുവൻ ജനങ്ങളോടും ബങ്കറുകളിലേക്ക്​ മാറാനായിരുന്നു നിർദേശം. ബെൻ ഗുരിയോൺ ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളുടേയും പ്രവർത്തനം നിർത്തി. വ്യോമാതിർത്തി പൂർണമായും അടച്ചിട്ടു. റെയിൽ ഗതാഗതവും നിർത്തി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകൾ ബങ്കറുകളുടെ സുരക്ഷയിൽ കഴിച്ചുകൂട്ടി. ഇറാൻ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ ഇനിയെന്ത്​ എന്ന വിഭ്രാന്തിയിലാണ്​ നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകൾ പലതും ലക്ഷ്യം കണ്ടതായി ഇറാ​ൻ അവകാശ​പ്പെട്ടു. പ്രതികാരത്തിനു തുനിഞ്ഞാൽ ഇസ്രാായേലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമാണെന്നും​ ഇറാൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി​യിട്ടുണ്ട്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News