കോവിഡ് വ്യാജവാര്‍ത്തകളില്‍ ഇന്ത്യ നമ്പര്‍ വണ്‍
കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളില്‍ ആറില്‍ ഒന്നും ഇന്ത്യയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്താരാഷ്ട്ര അക്കാദമിക ജേണലായ 'സേജി'ന്റെ പഠനത്തില്‍ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഇന്ത്യക്കാരാണെന്ന് അന്താരാഷ്ട്ര പഠനം. സോഷ്യല്‍ മീഡിയ വഴിയാണ് ഇന്ത്യക്കാര്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയുണ്ടായ കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളില്‍ ആറില്‍ ഒന്നും ഇന്ത്യയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്താരാഷ്ട്ര അക്കാദമിക ജേണലായ 'സേജി'ന്റെ പഠനത്തില്‍ പറയുന്നു.
138 രാജ്യങ്ങളിലായി കോവിഡ് സംബന്ധിച്ച് പ്രചരിക്കുന്ന 9,657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ച് കാനഡയിലെ ആല്‍ബെര്‍ട്ടോ സര്‍വകലാശാലയുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. വ്യാജ വിവരങ്ങളില്‍ 18 ശതമാനത്തിന്റെയും ഉറവിടം ഇന്ത്യയാണ്. ഒന്‍പത് ശതമാനത്തോടെ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലും. 8.6 ശതമാനത്തോടെ അമേരിക്ക മൂന്നാം സ്ഥാനത്തുമുണ്ട്.
ഏലയ്ക്ക, കര്‍പ്പൂരം, ചോളം എന്നിവ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ കൊറോണ വരില്ല, മൂക്കില്‍ നാരങ്ങാനീര് ഒഴിച്ചാല്‍ വൈറസ് നശിക്കും തുടങ്ങി നിരവധി വ്യാജവിവരങ്ങളാണ് ഇക്കാലത്തിനിടയില്‍ വ്യാപകമായി പ്രചരിച്ചത്. 2020 മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ് കോവിഡ് സംബന്ധിയായി ഏറ്റവുമധികം വ്യാജപ്രചാരണം നടന്നതെന്നും പഠനത്തില്‍ പറയുന്നു.