'ഭയപ്പെടേണ്ട, സന്തോഷത്തോടെ ദീപാവലി ആഘോഷിക്കൂ, കാവലായി ഞങ്ങളുണ്ട്'; അതിർത്തിയിൽ നിന്ന് ആശംസകൾ നേർന്ന് സെനികര്‍
പ്രധാനമന്ത്രി ഇത്തവണയും ഇന്ത്യൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുമെന്നാണ് റിപ്പോർട്ടുകൾ
ശ്രീനഗർ: രാജ്യം മുഴുവൻ ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ദീപാവലി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. വീടുകൾ അലങ്കരിച്ചും മധുരം പങ്കിട്ടും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. അതേസമയം, അതിർത്തികളിൽ കുടുംബമില്ലാതെ ഇന്ത്യൻ സൈന്യവും ദീപാവലി ആഘോഷിക്കുകയാണ്.
രാജ്യാർത്തിയിൽ ദീപങ്ങൾ കത്തിച്ചും പടക്കം പൊട്ടിച്ചുമെല്ലാം സൈനികർ ദീപാവലി ആഘോഷങ്ങളിൽ പങ്കാളിയായി. ഇതിന് പുറമെ രാജ്യത്ത് ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാർക്കും സൈനികർ ആശംസകളും നേർന്നു.അതിർത്തികളിൽ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങൾ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കണമെന്ന് കേണൽ ഇക്ബാൽ സിംഗ് എൻ.എൻ.ഐയോട് പറഞ്ഞു. അതിർത്തിയിൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് ഞങ്ങൾ ഉറപ്പുനൽകുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈനികർക്കൊപ്പം ഇത്തവണയും ദീപാവലി ആഘോഷിക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങളാൽ എവിടെയായിരിക്കും മോദി എത്തുക എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷവും ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ജമ്മു കശ്മീരിലെ നൗഷേരയിൽ എത്തിയിരുന്നു. അവർക്കൊപ്പം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും, ദീപങ്ങൾ കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും ചെയ്തു. 2014ൽ പ്രധാനമന്ത്രി അധികാരത്തിൽ വന്നതു മുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിൽ ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് ദീപാവലി ആഘോഷിച്ചത്.