പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കാനൊരുങ്ങിയ ഇന്ത്യന്‍ പര്‍വതാരോഹക മരിച്ചു
സൂസൻ ലിയോപോൾഡിന ജീസസ്(59) വ്യാഴാഴ്ചയാണ് മരിച്ചത്.
കാഠ്മണ്ഡു: പേസ് മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യ വനിത എന്ന ലോക റെക്കോഡ് ലക്ഷ്യമിട്ട് കൊടുമുടി കയറി ഇന്ത്യന്‍ പര്‍വതാരോഹക ബേസ് ക്യാമ്പിൽ അസുഖം ബാധിച്ച് മരിച്ചു. സൂസൻ ലിയോപോൾഡിന ജീസസ്(59) വ്യാഴാഴ്ചയാണ് മരിച്ചത്.
മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സോലുഖുംബു ജില്ലയിലെ ലുക്‌ല ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസാൻ വ്യാഴാഴ്ച മരിച്ചുവെന്ന് നേപ്പാൾ ടൂറിസം ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ യുവരാജ് ഖതിവാഡ അറിയിച്ചു. ബേസ് ക്യാമ്പിലെ അക്ലിമേറ്റൈസേഷൻ പരിശീലനത്തിനിടെ ഇവർക്ക് അസുഖം ബാധിക്കുകയായിരുന്നു. സാധാരണ വേഗത നിലനിർത്താൻ കഴിയാത്തിനാൽ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ സൂസനോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ഉപദേശം സൂസൻ നിരസിക്കുകയായിരുന്നു.
എവറസ്റ്റ് ബേസ് ക്യാമ്പിന് അൽപം മുകളിലായി 5,800 മീറ്റർ വരെ കയറിയ സുസൈനെ ബുധനാഴ്ച വൈകുന്നേരം ലുക്‌ല ടൗണിലേക്ക് നിർബന്ധിതമായി എയർലിഫ്റ്റ് ചെയ്യുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് പര്യവേഷണ സംഘാടകനായ ഗ്ലേസിയർ ഹിമാലയൻ ട്രക്കിന്‍റെ ചെയർമാൻ ഡെൻഡി ഷെർപ്പ പറഞ്ഞു. "അഞ്ച് ദിവസം മുമ്പ് കയറ്റം ഉപേക്ഷിക്കാൻ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ എവറസ്റ്റ് കീഴടക്കിയേ അടങ്ങൂ എന്ന തീരുമാനത്തിലായിരുന്നു സൂസന്‍. '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേവലം 250 മീറ്റർ നീളമുള്ള ബേസ് ക്യാമ്പിന് മുകളിലുള്ള ക്രോംപ്ടൺ പോയിന്‍റില്‍ എത്താൻ അഞ്ച് മണിക്കൂറിലധികം സമയമെടുത്തതിനാൽ എവറസ്റ്റ് കൊടുമുടി കയറാൻ സൂസെനില്ലെന്ന് ചൂണ്ടിക്കാട്ടി ഷെർപ്പ ടൂറിസം വകുപ്പിന് കത്തെഴുതി.മലകയറ്റക്കാർക്ക് സാധാരണയായി 15 മുതൽ 20 മിനിറ്റ് വരെ ദൂരം താണ്ടാൻ കഴിയും, എന്നാൽ അക്ലിമേറ്റൈസേഷൻ അഭ്യാസത്തിനിടെ പോയിന്റിലെത്താൻ സൂസെന് ആദ്യ ശ്രമത്തിൽ അഞ്ച് മണിക്കൂറും രണ്ടാമത്തെ ശ്രമത്തിൽ ആറ് മണിക്കൂറും മൂന്നാം ശ്രമത്തിൽ 12 മണിക്കൂറും എടുത്തുവെന്നും ഷെർപ്പ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ കാഠ്മണ്ഡുവിലെത്തിച്ച സുസൈന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഹാരാജ്‌ഗഞ്ച് മുനിസിപ്പാലിറ്റിയിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.