മഹാരാഷ്ട്രയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂള്‍ ഏറ്റെടുത്ത് അദാനി; 'മൗണ്ട് കാര്‍മല്‍' എന്ന പേര് മാറ്റണമെന്ന് സഭ
1972ല്‍ സ്ഥാപിതമായ സ്കൂള്‍ ഇന്ത്യയിലെ പ്രമുഖ സിമൻ്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമൻ്റ് കമ്പനിയുടെ (എസിസി) ഉടമസ്ഥതയിലുള്ളതാണ്
മുംബൈ: പടിഞ്ഞാറൻ മഹാരാഷ്ട്രയില്‍ കര്‍മലീത്ത കന്യാസ്ത്രീമാര്‍ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഏറ്റെടുത്ത് പ്രമുഖ വ്യവസായി ഗൗതം അദാനി. ചന്ദ്രപൂർ ജില്ലയിലെ സിമൻ്റ് നഗറിലുള്ള മൗണ്ട് കാർമൽ കോൺവെൻ്റ് സീനിയർ സെക്കൻഡറി സ്‌കൂളാണ് അദാനി ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമല്‍ (സിഎംസി) മാനേജ്മെന്‍റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനം സെപ്തംബറിലാണ് കൈമാറിയതെന്ന് കന്യാസ്ത്രീകളെ ഉദ്ധരിച്ച് യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ്(യുസിഎ) റിപ്പോര്‍ട്ട് ചെയ്തു.
1972ല്‍ സ്ഥാപിതമായ സ്കൂള്‍ ഇന്ത്യയിലെ പ്രമുഖ സിമൻ്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമൻ്റ് കമ്പനിയുടെ (എസിസി) ഉടമസ്ഥതയിലുള്ളതാണ്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് സ്കൂള്‍ നിര്‍മിച്ചത്. പിന്നീട് സ്കൂളിന്‍റെ നടത്തിപ്പ് ചുമതല കന്യാസ്ത്രീകള്‍ക്ക് നല്‍കുകയായിരുന്നു. 2022ല്‍ എസിസി കമ്പനിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. അദാനി ഗ്രൂപ്പിന് കൈമാറിയ ശേഷം തങ്ങള്‍ സ്കൂളിന്‍റെ ചുമതലയില്‍ നിന്നും ഒഴിവായതായി മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന യുസിഎ ന്യൂസിനോട് പറഞ്ഞു. '' വാണിജ്യ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.അവരുടെ നയവും ഞങ്ങളുടെ നയവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും പിന്‍മാറി'' അവര്‍ കൂട്ടിച്ചേര്‍ത്തു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ സ്കൂളിന്‍റെ പേരില്‍ നിന്ന് 'മൗണ്ട് കാര്‍മല്‍' നീക്കം ചെയ്യണമെന്ന് സഭ ആവശ്യപ്പെട്ടു. ജില്ലയിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ എസിസിയുടെ ക്ഷണപ്രകാരമാണ് സ്കൂള്‍ തുടങ്ങിയതെന്ന് സിസ്റ്റര്‍ ലീന വ്യക്തമാക്കി. അദാനി ഗ്രൂപ്പിൽ നിന്ന് മാനേജ്‌മെൻ്റ് തലത്തില്‍ ചില ഇടപെടലുകൾ ഉണ്ടായതിനാലാണ് കന്യാസ്ത്രീകൾ സ്‌കൂൾ വിടാൻ തീരുമാനിച്ചതെന്ന് സ്‌കൂളിൻ്റെ മേൽനോട്ടം വഹിച്ചിരുന്ന ചന്ദ ബിഷപ്പ് എഫ്രേം നരിക്കുളം യുസിഎ ന്യൂസിനോട് പറഞ്ഞു.
രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ 2022ലാണ് സുവര്‍ണ ജൂബിലി ആഘോഷിച്ചത്. സെപ്തംബറില്‍ സ്കൂള്‍ ഔദ്യോഗികമായി ഏറ്റെടുത്തതായി അദാനി ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും നടപടികള്‍ പാലിച്ചാണ് കൈമാറ്റം നടന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.