ആത്​മഹത്യാ ഭീഷണി മുഴക്കിയയാളുടെ വീട്ടിൽ സുരക്ഷയൊരുക്കി; 9.9​ ലക്ഷം ബില്ലിട്ട്​ പൊലീസ്​

99 ​പൊലീസുകാരെയാണ്​ സ്​ഥലത്ത്​ വിന്യസിച്ചത്​

Update: 2024-12-24 12:10 GMT
Advertising

ജയ്​പൂർ: ആത്​മഹത്യാ ഭീഷണി മുഴക്കിയയാളുടെ വീട്ടിൽ സുരക്ഷയൊരുക്കിയതിന്​​ 9.9 ലക്ഷം രൂപ ബില്ലിട്ട്​ രാജസ്​ഥാൻ പൊലീസ്​. രാജസ്​ഥാനിലെ ജുൻജുനുവിലാണ്​ സംഭവം. കർഷകനായ വിദ്യാദർ യാദവാണ്​ ആത്​മഹത്യാ ഭീഷണി മുഴക്കിയത്​.

പ്രദേശത്ത്​ 500ഓളം വീടുകളും ഭൂമിയും നാല്​ വർഷം മുമ്പ്​ സിമൻറ് കമ്പനിയുടെ പ്രവർത്തനത്തിനായി​ ഏറ്റെടുത്തിരുന്നു. ഇതിൽ യാദവി​െൻറ വീടുമുണ്ട്​. കഴിഞ്ഞ നവംബർ അഞ്ചിന്​ ഈ വീട്​ പൊളിച്ചുനീക്കി. രണ്ട്​ വർഷം മുമ്പ് ഇദ്ദേഹത്തി​െൻറ​ കൃഷി ഭൂമിയും വിട്ടുനൽകിയിരുന്നു. നിലവിൽ കമ്പനി നൽകിയ വാടക വീട്ടിലാണ്​ ഇയാൾ താമസിക്കുന്നത്​.

വീടും കൃഷിഭൂമിയും വിട്ടുനൽകിയതിന്​ നാല്​ കോടി രൂപയാണ്​ നഷ്​ടപരിഹാരമായി കമ്പനി വാഗ്​ദാനം ചെയ്​തത്​. എന്നാൽ, ആറ്​ കോടിയും സിമൻറ്​ കമ്പനിയിൽ ജോലിയുമാണ്​ യാദവ്​ ആവശ്യപ്പെട്ടത്​. ഈ ആവശ്യം നിറവേറ്റിയില്ലെങ്കിൽ കുടുംബത്തോടെ ആത്​മഹത്യ ചെയ്യുമെന്ന്​ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

ഇയാൾ കടുംകൈ ചെയ്യുന്നില്ലെന്ന്​ ഉറപ്പാക്കാനായി ​യാദവ്​ താമസിക്കുന്ന സ്​ഥലത്ത്​​ ജില്ലാ ഭരണകൂടം 99 ​പൊലീസുകാരെ വിന്യസിച്ചു. ഇതിനാണ്​ ഇപ്പോൾ 9,91,557 രൂപയുടെ ബിൽ ജില്ലാ ഭരണകൂടം അയച്ചിരിക്കുന്നത്​. ഏഴ്​ ദിവസത്തിനുള്ളിൽ തുക അടക്കണമെന്നാണ്​​ നിർദേശം.

അതേസമയം, സർക്കാരിൽനിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്ന്​ നാല്​ കോടി രൂപയുടെ വാഗ്​ദാനം ഡിസംബർ 15ന്​ സ്വീകരിക്കേണ്ടി വന്നുവെന്ന്​ യാദവ്​ പറഞ്ഞു. പക്ഷെ, സിമൻറ്​ ഫാക്​ടറിയിൽ ജോലി നൽകാൻ അധികൃതർ സന്നദ്ധമായിട്ടില്ല. ഇതിന്​ പിന്നാലെ 17ന്​ 9.9 ലക്ഷം രൂപയുടെ ബിൽ നൽകുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും താൻ പൊലീസി​െൻറ സഹായം ആവശ്യപ്പെട്ടിരുന്നില്ലെന്നും യാദവ്​ വ്യക്​തമാക്കി. തന്നെ സമ്മർദത്തിലാക്കാനുള്ള തന്ത്രത്തി​െൻറ ഭാഗമാണ്​ ഈ നോട്ടീ​സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാദവിനെയും കുടുംബത്തെയും സുരക്ഷിതമാക്കാനാണ്​ പൊലീസിനെ വിന്യസിച്ചതെന്ന്​ ജുൻജുനു എസ്​പി ശരത്​ ചൗധരി പറഞ്ഞു. മറ്റുള്ളവരും ഇതേ രീതി പിന്തുടരുന്നത്​ ഒഴിവാക്കാൻ വേണ്ടി കൂടിയാണിത്​ ചെയ്​തതെന്നും എസ്​പി വ്യക്​തമാക്കി.

‘നഷ്​ടപരിഹാരം വാങ്ങി അ​ഞ്ഞൂറോളം പേർ സ്​ഥലം വിട്ടുനൽകിയിട്ടുണ്ട്​. വിദ്യാധറി​െൻറ വീട്​ മാത്രമാണ്​ ബാക്കിയുണ്ടായിരുന്നത്​. എംഎൽഎമാരടക്കമുള്ളവർ അദ്ദേഹത്തെ ​കാര്യങ്ങൾ ബോധ്യപ്പെടുത്തി പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. യാദവി​െൻറ വീടിന്​ ചുറ്റും സിമൻറിനായി ഖനനം നടക്കുന്നുണ്ട്​. ഇത്​ അദ്ദേഹത്തി​െൻറ കുടുംബാംഗങ്ങളുടെ ജീവൻ വരെ അപകടത്തിലാക്കുന്നു​. അദ്ദേഹം അനാവശ്യമായി തടസ്സങ്ങൾ സൃഷ്​ടിക്കുകയാണ്​. അദ്ദേഹത്തി​െൻറ കുടുംബത്തി​െൻറ സുരക്ഷ ഉറപ്പാക്കാനാണ്​ ഞങ്ങൾ പൊലീസിനെ അയച്ചത്​. ഭരണകൂടത്തിനെതിരായ ഈ അനാവശ്യ ഭീഷണി അവസാനിപ്പിക്കേണ്ടതുണ്ട്​. അതിനാലാണ്​ ഉദ്യോഗസ്​ഥരുടെ ചെലവ്​ വഹിക്കാൻ ഞങ്ങൾ അദ്ദേഹത്തോട്​ ആവശ്യപ്പെട്ടത്​’ -എസ്​പി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News