ഇറാനിയൻ മത്സ്യബന്ധന കപ്പൽ തട്ടിയെടുത്ത കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തി നേവി
നീണ്ട ഏറ്റുമുട്ടലുകൾക്കൊപ്പം തന്ത്രപരമായ നീക്കങ്ങൾക്കുമൊടുവിലാണ് കപ്പലിനെയും ജീവനക്കാരെയും മോചിപ്പിച്ചത്
ന്യൂഡൽഹി: കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. ഒമ്പത് സായുധ കടൽക്കൊള്ളക്കാരാണ് 23 പാകിസ്‍താൻ ജീവനക്കാരടങ്ങുന്ന ഇറാനിയൻ കപ്പൽ പിടിച്ചെടുത്തത്. നീണ്ട ഏറ്റുമുട്ടലുകൾക്കൊപ്പം തന്ത്രപരമായ നീക്കങ്ങൾക്കുമൊടുവിലാണ് കപ്പലിനെയും ജീവനക്കാരെയും മോചിപ്പിച്ചത്.
ഇറാനിയൻ കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത സന്ദേശം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യൻ നാവികസേനയ്ക്ക് ലഭിക്കുന്നത്. തുടർന്ന് കപ്പൽ മോചിപ്പിക്കാനുള്ള ദൗത്യമേറ്റെടുത്ത നേവി 12 മണിക്കൂർകൊണ്ടാണ് കപ്പൽ മോചിപ്പിച്ചത്.
കടൽസുരക്ഷക്കായി അറബിക്കടലിൽ നിയോഗിക്കപ്പെട്ട ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് സുമേധ,ഐ.എൻ.എസ് ത്രിശൂൽ എന്നീ പടക്കപ്പലുകളാണ് ഇറാനിയൻ കപ്പൽ മോചിപ്പിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടത്.
നേവിയൊരുക്കിയ സമ്മർദ്ദത്തിലും തന്ത്രപരമായ നീക്കങ്ങൾക്കുമൊടുവിൽ കടൽക്കൊള്ളക്കാർ സ്വയം കീഴടങ്ങുകയായിരുന്നു. അതിന് പിന്നാലെ 23 ജീവനക്കാരെയും കപ്പലിനെയും സുരക്ഷിതമായി മോചിപ്പിക്കാനായതായി നാവിക സേന പറഞ്ഞു.