രഹസ്യാന്വേഷണ റിപ്പോർട്ടുകളെല്ലാം വിശുദ്ധസത്യങ്ങളല്ല-മീഡിയവൺ വിലക്കിൽ 'ദ ഫ്രീ പ്രസ് ജേണൽ'
ദ ഹിന്ദു, ദ ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ്, തെലങ്കാന ടുഡേ തുടങ്ങിയ ദേശീയമാധ്യമങ്ങളെല്ലാം മീഡിയവൺ വിലക്കിൽ ആശങ്ക രേഖപ്പെടുത്തി മുഖപ്രസംഗമെഴുതിയിട്ടുണ്ട്
കേന്ദ്രസർക്കാരിന്റെ മീഡിയവൺ സംപ്രേഷണവിലക്ക് ശരിവച്ച ഹൈക്കോടതി വിധിയിൽ ആശങ്കരേഖപ്പെടുത്തി ദേശീയമാധ്യമമായ 'ദ ഫ്രീ പ്രസ് ജേണൽ'. മീഡിയവണിനു ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറഞ്ഞു. കോടതി അപ്പാടെ വിഴുങ്ങേണ്ട വിശുദ്ധസത്യങ്ങളല്ല രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഒരുവശം മാത്രം കേട്ട് കോടതി തീരുമാനമെടുക്കുന്നത് അങ്ങേയറ്റത്തെ അനീതിയാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ചാനൽ ചെയ്ത തെറ്റ് എന്താണെന്ന് അറിയാനുള്ള അവകാശം മാനേജ്‌മെന്റിനും പൊതുസമൂഹത്തിനുമുണ്ട്. ഇത് പ്രാഥമിക നീതിയാണ്. ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാൻ സർക്കാർ പലപ്പോഴും ഉപയോഗിക്കുന്ന ഒഴികഴിവാണ് ദേശസുരക്ഷ. ദേശസുരക്ഷ ഉയർത്തി എല്ലാ അനീതിയും ന്യായീകരിക്കാനാകില്ലെന്ന സുപ്രിംകോടതി വിധികൾ തന്നെയുണ്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ദ ഹിന്ദു, ദ ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ്, തെലങ്കാന ടുഡേ തുടങ്ങിയ ദേശീയമാധ്യമങ്ങളെല്ലാം വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖപ്രസംഗമെഴുതിയിട്ടുണ്ട്.
മുഖപ്രസംഗത്തിന്റെ പൂർണരൂപം
വാർത്താചാനലായ മീഡിയവൺ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ വിശദീകരണം അന്ധമായി സ്വീകരിക്കുകവഴി നീതിന്യായവ്യവസ്ഥയ്ക്ക് അഭിമാനിക്കാവുന്ന കാര്യമല്ല കേരള ഹൈക്കോടതി ചെയ്തിരിക്കുന്നത്. ചാനലിന്റെ പ്രവർത്തനം രാജ്യതാൽപര്യത്തിന് ഹാനികരമാണെന്ന രഹസ്യാന്വേഷണ വിവരങ്ങൾ അടങ്ങിയിരിക്കാവുന്ന മുദ്രവച്ച കവറാണ് ഹരജിയിൽ വാദംകേട്ട സിംഗിൾ ബെഞ്ചിനുമുൻപിൽ പ്രോസിക്യൂഷൻ സമർപ്പിച്ചത്. സംപ്രേഷണം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടപ്പോൾ അത് അനുസരിക്കുകയും ഹൈക്കോടതി നിരോധനം സ്‌റ്റേ ചെയ്തപ്പോൾ ഏതാനും മണിക്കൂറുകൾക്കുശേഷം സംപ്രേഷണം പുനരാരംഭിക്കുകയുമാണ് ചാനൽ ചെയ്തത്.
മീഡിയവൺ വീണ്ടും പ്രവർത്തനമാരംഭിച്ചപ്പോൾ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമുണ്ടായില്ല. എന്തിനാണ് സർക്കാർ ചാനൽ അടച്ചുപൂട്ടിയതെന്ന് ഇതുവരെയും മാനേജ്‌മെന്റിനോ വരിക്കാർക്കോ ഒന്നും ധാരണയില്ല. ഒരുപക്ഷെ, തീർത്തും തെറ്റായ എന്തെങ്കിലും ചാനൽ ചെയ്തിരിക്കാം. എന്നാൽ, യഥാർത്ഥത്തിൽ ചാനൽ ചെയ്ത തെറ്റ് എന്തായിരുന്നു? മാനേജ്‌മെന്റിന് അത് അറിയാനുള്ള അവകാശം ഉറപ്പായുമുണ്ട്. ചാനൽ എന്തിനാണ് പൂട്ടിയതെന്ന് അറിയാനുള്ള അവകാശം പൊതുസമൂഹത്തിനുമുണ്ട്. ഇത് പ്രാഥമിക നീതിയാണ്. ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാൻ സർക്കാർ പലപ്പോഴും ഉപയോഗിക്കുന്ന ഒഴികഴിവാണ് ദേശസുരക്ഷ. ദേശസുരക്ഷ ഉയർത്തി എല്ലാ അനീതിയും ന്യായീകരിക്കാനാകില്ലെന്ന സുപ്രിംകോടതി വിധികൾ തന്നെയുണ്ട്.
ഇരുവശവും കേട്ടുകൊണ്ടുള്ള സ്വതന്ത്ര കാഴ്ചപ്പാടാണ് ബന്ധപ്പെട്ട കോടതികൾ സ്വീകരിക്കേണ്ടത്. ഇപ്പോഴത്തെ കേസിൽ മുദ്രവച്ച കവറിൽ സമർപ്പിക്കപ്പെട്ട ചില രേഖകൾ കോടതി കണ്ടിട്ടുണ്ട്. ആരാണ്, ഏതു സാഹചര്യത്തിലാണ് അവ തയാറാക്കിയതെന്നതെല്ലാം ഇക്കാര്യത്തിലെ യാഥാർത്ഥ്യത്തിലെത്തിച്ചേരുന്നതിൽ വളരെ പ്രധാനമായ വശങ്ങളാണ്. കോടതി അപ്പാടെ വിഴുങ്ങേണ്ട സുവിശേഷങ്ങളല്ല രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. അങ്ങനെയായിരുന്നെങ്കിൽ 1977ൽ ഇന്ദിരാഗാന്ധി വൻഭൂരിപക്ഷത്തിനു ജയിക്കുമായിരുന്നു. മുദ്രവച്ച കവറുകൾ കോടതിയിൽ സമർപ്പിക്കുന്ന ഈ ആചാരം അടുത്തിടെയുണ്ടായ ഒരു പ്രതിഭാസമാണ്. ദേശസുരക്ഷയോളം പ്രധാനമായ സുതാര്യതയും സത്യസന്ധതയും അട്ടിമറിക്കുന്നതുകൊണ്ടുതന്നെ ഇതൊരിക്കലും ആരോഗ്യകരമായ നടപടില്ല.
രണ്ടുവശവും കേട്ടശേഷം കോടതിക്കുമുന്നിൽ സമർപ്പിക്കപ്പെട്ട വസ്തുതകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ അന്തിമതീർപ്പിലെത്തുക എന്ന കാലങ്ങളായി പരീക്ഷിച്ചുതെളിഞ്ഞ തത്വം കോടതി പിന്തുടരേണ്ടതുണ്ട്. വിധിന്യായങ്ങൾ ചിലപ്പോൾ തെറ്റാം. അതുകൊണ്ടാണ് നീതിന്യായ വ്യവസ്ഥയിൽ അപ്പീൽ പോകാനുള്ള വകുപ്പുള്ളത്. ഇപ്പോൾ സംഭവിച്ച പോലെ ഒരുവശം മാത്രം കേട്ട് കോടതി തീരുമാനമെടുക്കുന്നത് അങ്ങേയറ്റത്തെ അനീതിയാണ്.
എന്തുകൊണ്ട് തങ്ങൾക്ക് പ്രവർത്തിക്കാനാകില്ലെന്ന് അറിയാനുള്ള അവകാശം തീർച്ചയായും ജനാധിപത്യ സംവിധാനത്തിൽ ഒരു മാധ്യമസ്ഥാപനത്തിനുണ്ട്. കഷ്ടമെന്നു പറയാം, ഈ അവകാശം മീഡിയവണിനു നിഷേധിക്കപ്പെട്ടിരിക്കുന്നു!
Summary: ''Intelligence reports are not gospel truths that a court should accept in toto'', notes The Free Press Journal in MediaOne ban