'ആരുമില്ലെങ്കിൽ ഇസ്രായേൽ ഒറ്റക്ക് നിൽക്കും, ആർക്കും തടയാനാകില്ല'; ബൈഡനോട് നെതന്യാഹു

ഹമാസിനെയും ഹിസ്ബുള്ളയെയും തകർത്ത് സുരക്ഷിതത്വം കൈവരിക്കാതെ ഇസ്രായേൽ അടങ്ങില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി

Update: 2024-05-09 15:04 GMT
Editor : banuisahak | By : Web Desk
Advertising

റഫ ആക്രമണത്തിൽ ഇസ്രായേലിലേക്കുള്ള ആയുധവിതരണം താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ച അമേരിക്കയുടെ തീരുമാനത്തിലുള്ള നെതന്യാഹുവിന്റെ രോഷം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പിന്നാലെ ബൈഡന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ആരും കൂടെയില്ലെങ്കിൽ ഇസ്രായേൽ ഒറ്റക്ക് നിന്ന് യുദ്ധം ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. എത്ര സമ്മർദ്ദമുണ്ടായാലും സ്വയം പ്രതിരോധിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാനാകില്ല. യുദ്ധലക്ഷ്യങ്ങൾ കൈവരിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഹോളോകോസ്റ്റിനെ അനുസ്മരിച്ചുകൊണ്ട് ഞായറാഴ്ച നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പ്രതികരണം. ഇതിന്റെ വീഡിയോയും നെതന്യാഹു പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എൺപത് വർഷം മുമ്പ് നടന്ന ഹോളോകോസ്റ്റിൽ നശിപ്പിക്കാൻ വന്നവരുടെ മുന്നിൽ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളുടെ സഹായത്തിനെത്തിയില്ല. ഈ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ ഇന്ന് ജറുസലേമിൽ നിന്ന് ഇവിടെ പ്രതിജ്ഞ ചെയ്യുന്നു. ഇസ്രായേൽ ഒറ്റയ്ക്ക് നിൽക്കാൻ നിർബന്ധിതരായാൽ, ഇസ്രായേൽ ഒറ്റയ്ക്ക് തന്നെ നിൽക്കും. എന്നാൽ, ലോകമെമ്പാടുമുള്ള എണ്ണമറ്റ മാന്യരായ ആളുകൾ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനാൽ ഞങ്ങൾ ഒരിക്കലും ഒറ്റക്കാകില്ല'; നെതന്യാഹു പറഞ്ഞു.

ഇസ്രായേലിൻ്റെ ഉറച്ച സഖ്യകക്ഷിയായ യുഎസ് പ്രതിവർഷം കോടിക്കണക്കിന് ഡോളർ സൈനിക സഹായമാണ് ഇസ്രായേലിന് നൽകിവന്നിരുന്നത്. ഒപ്പം യുഎൻ സുരക്ഷാ കൗൺസിലിൽ ഉയരുന്ന കുറ്റപ്പെടുത്തലുകളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിച്ച് നിർത്തുന്നതും യുഎസ് തന്നെയായിരുന്നു.

എന്നാൽ, റഫ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിനെതിരെ ലോകരാഷ്ട്രങ്ങൾ കടുത്ത നിലപാടുകൾ എടുക്കുന്ന സാഹചര്യത്തിൽ യുഎസും എതിർപ്പ് അറിയിക്കുകയായിരുന്നു. ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ലെന്ന് ബൈഡൻ വ്യക്തമാക്കി കഴിഞ്ഞു. ഒപ്പം ഇസ്രായേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ബൈഡൻ കൂട്ടിച്ചേർത്തിരുന്നു.

റഫയിലേക്കുള്ള നീക്കം അവസാനിപ്പിക്കാനുള്ള യുഎസിന്റെ സമ്മർദ്ദത്തിനെതിരെ ഇസ്രായേൽ നിലപാട് വ്യക്തമാക്കി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നേരത്തെ രംഗത്തെത്തിയിരുന്നു. ശത്രുക്കളോടും സുഹൃത്തുക്കളോടും പറയുന്നു, ഗസ്സയിലും ലെബനനുമായുള്ള അതിർത്തിയിലും യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്.

'ഇസ്രായേലിൻ്റെ ശത്രുക്കളോടും ഉറ്റ സുഹൃത്തുക്കളോടുമാണ്, ഇസ്രായേൽ രാഷ്ട്രത്തെ കീഴ്പ്പെടുത്താൻ കഴിയില്ല. ഞങ്ങൾ ശക്തമായി നിൽക്കും. ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കും. ഹമാസിനെ തകർക്കും, ഹിസ്ബുള്ളയെ തകർക്കും. ഞങ്ങൾ സുരക്ഷിതത്വം കൈവരിക്കുകയും ചെയ്യും'; യോവ് ഗാലന്റ് ഉറപ്പിച്ച് പറഞ്ഞു. ബൈഡൻ ഭരണകൂടവും ഇസ്രായേൽ സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ആഴം വ്യക്തമാക്കുന്ന വാക്കുകളായിരുന്നു മന്ത്രിയുടേത്.

അതേസമയം, യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം പെരുപ്പിച്ചുകാട്ടാതിരിക്കേണ്ടത് പ്രധാനമാണെന്ന് ഡെൻവർ യൂണിവേഴ്സിറ്റിയിലെ ജോസഫ് കോർബെൽ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിലെ സെൻ്റർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസ് ഡയറക്ടർ നാദർ ഹാഷെമി പറയുന്നു. ഗസ്സയിൽ നെതന്യാഹുവിന്റെ യുദ്ധലക്ഷ്യങ്ങളെ പിന്തുണക്കുന്നത് ബൈഡൻ ഭരണകൂടം തുടരും. റഫയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്നത് അവരുടെ തന്ത്രങ്ങളുടെ വ്യത്യാസമാണ്, അല്ലാതെ ലക്ഷ്യങ്ങളുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ഇസ്രായേലി നയത്തിനുള്ള യുഎസ് പിന്തുണയിൽ ചെറിയ മാറ്റം മാത്രമാണ് വന്നത്. അതായത് 100 ശതമാനം എന്നുള്ളത് 99 ശതമാനമായി മാറി എന്നുമാത്രം. ഇസ്രയേലിന് ഇപ്പോഴും റഫയിൽ ബോംബിടാൻ കഴിയും. അവർക്കൊരു ശിക്ഷയും ലഭിക്കാൻ പോകുന്നില്ല. അവിടെ താമസിക്കുന്ന 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയും. ഗസ്സയുടെ മറ്റ് ഭാഗങ്ങളിൽ ഇസ്രായേൽ ഉപയോഗിച്ച യുഎസ് നിർമ്മിത 2,000 പൗണ്ട് (907 കിലോഗ്രാം) ബോംബുകൾ ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയില്ല എന്നുമാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ സൈന്യം കടന്നുകയറിയതിന് പിന്നാലെ പതിനായിരക്കണക്കിന് ഫലസ്തീനികളാണ് റഫയിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. റഫ അതിർത്തി ഇസ്രായേൽ തുടർച്ചയായി അടച്ചുപൂട്ടുന്നത് ഗാസയിലേക്കുള്ള ജീവൻ രക്ഷാ സഹായത്തിൻ്റെ പ്രവേശനത്തെ ശ്വാസം മുട്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ് പറയുന്നു. ഒക്‌ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 34,904 പേർ കൊല്ലപ്പെടുകയും 78,514 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റഫയിൽ ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ മരണക്കണക്ക് ഇനിയും ഉയരുമെന്ന കാര്യത്തിൽ സംശയമില്ല. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News