ഐഎസ്ആർഒ ഗൂഢാലോചന കേസ്; സിബിഐക്ക് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
സ്വതന്ത്രമായി തെളിവുകൾ ശേഖരിച്ച് സിബിഐ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും കോടതി നിർദേശിച്ചു
ഐഎസ്ആർഒ ഗൂഢാലോചന കേസിന്റെ അന്വേഷണം സിബിഐക്ക് തുടരാമെന്ന് സുപ്രീംകോടതി. സ്വതന്ത്രമായി തെളിവുകൾ ശേഖരിച്ച് സിബിഐ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും കോടതി നിർദേശിച്ചു. കേസിലെ ഒന്നാം പ്രതി എസ്.വിജയൻ, രണ്ടാം പ്രതി തമ്പി. എസ്. ദുർഗ ദത്ത്, പതിമൂന്നാം പ്രതി ജയപ്രകാശ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഗൂഢാലോചന കേസിൽ പ്രതികളായ എസ് വിജയനും തമ്പി എസ് ദുർഗദത്തിനും ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത അന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണം. രണ്ടാൾ ജാമ്യവും ബോണ്ടും വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം നൽകാനാണ് ഹൈക്കോടതി നിർദേശം.
പന്ത്രണ്ടാം പ്രതി പി.എസ് ജയപ്രകാശിന്റെ അറസ്റ്റ് തടഞ്ഞുള്ള നിലവിലെ ഉത്തരവ് ഹൈക്കോടതി നീട്ടി. ചാരക്കേസിൽ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുക മാത്രമാണ് ഉദ്യോഗസ്ഥരായിരുന്ന തങ്ങൾ ചെയ്തതെന്നും, ഗൂഢാലോചന കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ നമ്പി നാരായണനെ കേസിൽപെടുത്താൻ രാജ്യാന്തര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇല്ലാത്ത തെളിവുകളുടെ പേരിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത ഗൂഢാലോചനയിൽ മൂന്ന് ഉദ്യോഗസ്ഥർക്കും പ്രധാന പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.