'എനിക്കത് വളരെ മനോഹരമായി തോന്നുന്നു'; ജാലിയന്‍വാലാ ബാഗ് നവീകരണത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി അമരീന്ദര്‍

ജാലിയന്‍വാലാ ബാഗ് നവീകരണത്തോടനുബന്ധിച്ച് സ്മാരകത്തില്‍ ലൈറ്റ് ഷോ ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിന്ന് അകന്നുനിന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവരെ അപകീര്‍ത്തിപ്പെടുത്താനാവൂ എന്നായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.

Update: 2021-08-31 11:59 GMT
Advertising

ജാലിയന്‍വാലാ ബാഗ് സ്മാരക നവീകരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായ നിലപാടുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഹൈടെക് ഗ്യാലറിയും ലേസര്‍ ഷോയും ആധുനിക നിര്‍മാണ പ്രവര്‍ത്തനങ്ങളും പൈതൃകമൂല്യം നഷ്ടപ്പെടുത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായ പ്രതികരണമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നടത്തിയത്. എനിക്കത് വളരെ മനോഹരമായി തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രക്തസാക്ഷിത്വത്തിന്റെ അര്‍ഥമറിയാത്തവര്‍ക്ക് മാത്രമേ ജാലിയന്‍ വാലാബാഗിലെ രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് യാതൊരു കാരണവശാലും എനിക്ക് സഹിക്കാനാകില്ല. ഈ ക്രൂരതയ്ക്ക് ഞങ്ങളെതിരാണ്', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജാലിയന്‍ വാലാബാഗില്‍ ലൈറ്റ്-ലേസര്‍ ഷോ നടക്കുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ച ഒരു മാധ്യമവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. സ്വാതന്ത്ര്യം നേടുന്നതിനായി പോരാടാത്തവര്‍ക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.


ശനിയാഴ്ചയാണ് നവീകരിച്ച ജാലിയന്‍വാലാ ബാഗ് സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News