കാറിനുള്ളില്‍ യുവാക്കളെ ചുട്ടുകൊന്ന സംഭവം: നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
യുവാക്കളുടെ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് വ്യക്തമാക്കി
ജയ്പൂര്‍: ഹരിയാനയിൽ കൊല്ലപ്പെട്ടജുനൈദിന്റെയും നാസിറിന്റെയും കൊലപാകതകത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. സംഭവത്തിൽ ഹരിയാന മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ഉപാധ്യക്ഷൻ മുഹമ്മദ് സലീം എഞ്ചിനീയർ ആവശ്യപ്പെട്ടു. ഇരുവരെയും പത്തോളം ബജ്രംഗ്ദളുകാർ ചേർന്ന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി തല്ലിച്ചതച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്.
ഒരു പ്രത്യേക മതസമുദായത്തിനെതിരെ എന്തു കുറ്റകൃത്യം ചെയ്താലും തങ്ങൾ ശിക്ഷിക്കപ്പെടില്ലെന്ന് കരുതുന്ന വർഗീയ ശക്തികൾ രാജ്യത്ത് വളർച്ച പ്രാപിക്കുന്നതിന്റെ പ്രതിഫലനമാണിതെന്നും മുഹമ്മദ് സലീം എഞ്ചിനീയർ പറഞ്ഞു. അതേസമയം യുവാക്കളുടെ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് വ്യക്തമാക്കി. സെക്രട്ടറി ജനറൽ മൗലാന ഹകീമുദ്ദീൻ ഖാസിമി കുടംബത്തെ നേരിൽ സന്ദർശിച്ചാണ് നിയമപോരാട്ടത്തിനുള്ള പിന്തുണ ഉറപ്പുനൽകിയത്. രാജ്യത്ത് നടക്കുന്ന വിദ്വേഷ ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ജംഇയ്യത്ത് അധ്യക്ഷൻ മൗലാന മഹ്മൂദ് മദനി പറഞ്ഞു.
രാജസ്ഥാൻ, ഹരിയാന സർകകാറുകൾ ഇത്തരം അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തിരമായി ഇടപെടണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാറിന് അയച്ച കത്തിൽ മഹ്മൂദ് മദനി ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട രണ്ടുപേരെയും ജീവനോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു എന്ന്പിടിയിലായ പ്രതി റിങ്കു സൈനി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കാലിക്കടത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്നും റിങ്കു നൽകിയ മൊഴിയിലുണ്ട്. ടാക്സി ഡ്രൈവറാണ് റിങ്കു. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നസീർ(25),ജുനൈദ്(35) എന്നിവരെ ആക്രമിച്ചെന്നും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഫിറോസ് പുർ ജിക്കയിലുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചെന്നുമാണ് റിങ്കു നൽകിയ മറുപടി.
യുവാക്കൾക്ക് ഗുരുതരമായി തന്നെ പരിക്കേറ്റിരുന്നു. പാതി ജീവനുള്ള ഇവരെ കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്താൽ അത് പൊലീസിന്റെ തലയിലാകും എന്ന് അവർ ഭയന്നു. കൊല്ലപ്പെട്ടവരെയും കൂട്ടി പോകാൻ പൊലീസ് പറഞ്ഞതായും പ്രതി അന്വേഷണസംഘത്തോട് പറഞ്ഞെന്നുമാണ് റിപ്പോർട്ട്. പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയതിന് പിന്നാലെ നസീറും ജുനൈദും മരിച്ചു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ വാഹനത്തിൽ കയറ്റി 200 കിലോമീറ്റർ അകലെയുള്ള ഭിവാനിയിലെത്തിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മൃതദേഹങ്ങളും വാഹനവും പെട്രോളൊഴിച്ച് കത്തിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദൂരെയുള്ള സ്ഥലത്ത് മൃതദേഹങ്ങളും വാഹനങ്ങളും കത്തിച്ചാൽ അന്വേഷണം തങ്ങുടെ നേരെ തിരിയില്ലെന്ന് കരുതിയതായി പൊലീസ് പറഞ്ഞു. എന്നാൽ ബൊലേറോയുടെ ഷാസി നമ്പറിൽ നിന്നാണ് ജുനൈദിനെയും നസീറിനെയും തിരിച്ചറിഞ്ഞത്. ഈ സംഭവത്തിൽ ഹരിയാന പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. റിങ്കു സൈനിയെ ഇന്നും പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ ഭരത്പൂർ ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇയാളെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സംഭവത്തിൽ മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മരിച്ച ജുനൈദിന്റെയും നാസറിന്റെയും ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം ബന്ധുക്കൾ ഇന്നലെ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പൊലീസിന് നൽകിയ പരാതിയിൽ അഞ്ച് പേരുകളാണ് യുവാക്കളുടെ കുടുംബം സൂചിപ്പിച്ചിട്ടുള്ളത്. അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിൻഹ, മോനു മനേസർ എന്ന മോഹിത് ജാദവ് എന്നിവരുടെ പേരുകളാണ് കുടുംബം പൊലീസിന് നൽകിയിട്ടുള്ളത്.