ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ അന്തരിച്ചു
മാർച്ച് 14 മുതൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മാർച്ച് 14 മുതൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രി 2020 നവംബറില്‍ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള പരാസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തിൽ നിന്നുള്ള ജെഎംഎം എം.എൽ.എയായിരുന്നു ജഗർനാഥ് മഹ്തോ.
മഹ്തോ വിട പറഞ്ഞതായി എംജിഎം ഹെൽത്ത് കെയറിലെ ഡോ അപർ ജിൻഡാലിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മഹ്തോയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു. "ടൈഗർ ജഗർനാഥ് ദാ ഇനിയില്ല! ഇന്ന് ജാർഖണ്ഡിന് അതിന്‍റെ മഹത്തായ പ്രക്ഷോഭകരിൽ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു, പോരാട്ടവീര്യവും കഠിനാധ്വാനവുമുള്ള ജനകീയ നേതാവാണ് അദ്ദേഹം. ചെന്നൈയിൽ ചികിത്സക്കിടെ ബഹുമാനപ്പെട്ട ജഗർനാഥ് മഹ്തോ ജി അന്തരിച്ചു'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.