ആൾക്കൂട്ടക്കൊല; ഭാരതീയ ന്യായ സംഹിതയിൽ പിശക് ചൂണ്ടിക്കാട്ടി ജാർഖണ്ഡ് ഹൈക്കോടതി
പിശക് അതീവ ഗുരുതരമാണെന്നും, നീതി നിഷേധിക്കപ്പെടാൻ അത് കാരണമാകുമെന്നും കോടതി
റാഞ്ചി: രാജ്യത്തെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിൽ പിശക് കണ്ടെത്തി ജാർഖണ്ഡ് ഹൈക്കോടതി. ആൾക്കൂട്ടക്കൊല കൈകാര്യം ചെയ്യുന്ന സെക്ഷൻ 103ലാണ് തെറ്റ് കണ്ടെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്താനും വേണ്ട നടപടികൾ സ്വീകരിക്കാനും നിയമപുസ്തകം പ്രസിദ്ധീകരിച്ച യൂണിവേഴ്‌സൽ ലെക്‌സിസ്‌നെക്‌സിസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് ആനന്ദ സെൻ, സുഭാഷ് ചന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് പിശക് കണ്ടെത്തിയത്. വംശം, വർഗം, സമുദായം, ലിംഗഭേദം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസങ്ങൾ എന്നിവയോ സമാനമായ മറ്റേതെങ്കിലും കാരണങ്ങളോ കൊണ്ട് അഞ്ചോ അതിലധികമോ ആളുകൾ ചേർന്ന് കൊലപാതകം നടത്തിയാൽ സെക്ഷൻ 103(2) പ്രകാരം ജീവപര്യന്തം തടവോ പിഴയോ ശിക്ഷ ലഭിക്കാം എന്നതാണ് പുതിയ നിയമത്തിൽ പറയുന്നത്.
എന്നാൽ നിയമപുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ സമാനരീതിയിലുള്ള മറ്റ് കാരണങ്ങൾ എന്നതിന് പകരം മറ്റ് കാരണങ്ങൾ എന്ന് അച്ചടിച്ച് വന്നു. സമാനമായ എന്ന വാക്ക് ഇല്ലാതെ പോയത് ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയും പെട്ടെന്ന് തെറ്റുതിരുത്താൻ നിർദേശിക്കുകയായിരുന്നു
ചെറിയൊരു തെറ്റാണെങ്കിലും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിയമത്തിന്റെ ഉദ്ദേശവും, വ്യാഖ്യാനവുമൊക്കെ മാറ്റുന്ന തരത്തിലാണ് യൂണിവേഴ്‌സൽ ലെക്‌സിസ്‌നെക്‌സിസ് അത് അച്ചടിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. പിശക് അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നീതി നിഷേധിക്കപ്പെടാൻ പിശക് കാരണമാകുമെന്നും കൂട്ടിച്ചേർത്തു.