പെഗാസസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍; യു.എ.പി.എ ചുമത്തി
മനുഷ്യാവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ രൂപേഷ് കുമാറിനെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും മാധ്യമപ്രവർത്തകരും
റാഞ്ചി: ജാര്‍ഖണ്ഡിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ രൂപേഷ് കുമാര്‍ സിങ് അറസ്റ്റില്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് രൂപേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ യു.എ.പി.എയും ചുമത്തി. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരം ചോര്‍ത്താന്‍ ലക്ഷ്യംവെച്ച മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളായിരുന്നു രൂപേഷ് കുമാര്‍ സിങ്. ഇതിന് പിന്നാലെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
മാവോയിസ്റ്റ് നേതാവായ പ്രശാന്ത് ബോസ് എന്ന കിഷന്ദ പ്രതിയായ ഒരു കേസുമായി ബന്ധപ്പെട്ടാണ് രൂപേഷ് കുമാറിന്‍റെ അറസ്റ്റ്. രൂപേഷ് കുമാര്‍ മാവോയിസ്റ്റുകൾക്കായി ഫണ്ട് ശേഖരിക്കാറുണ്ടെന്നാണ് പൊലീസിന്‍റെ ആരോപണം. 2019ലും മാവോയിസ്റ്റ് ബന്ധമാരോപിച്ച് രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെ ജാമ്യം ലഭിക്കുകയായിരുന്നു. ഗയ പൊലീസാണ് അന്ന് രൂപേഷിനെ അറസ്റ്റ് ചെയ്തത്.
മനുഷ്യാവകാശ ലംഘനങ്ങളുമായും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രൂപേഷ് കുമാറിനെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബവും മാധ്യമപ്രവർത്തകരും പറയുന്നു. രൂപേഷിന്‍റെ ഭാര്യയും ആക്റ്റിവിസ്റ്റുമായ ഇപ്‌സ ശതാക്ഷി പറയുന്നത് പൊലീസ് അവരുടെ വീട്ടില്‍ ഒന്‍പത് മണിക്കൂർ തെരച്ചിൽ നടത്തിയെന്നാണ്. ഒരു ബെഡ് ഷീറ്റ്, നോട്ട്ബുക്ക്, ഒരു മോട്ടോർ സൈക്കിളിന്റെ ടാക്സ് ഇൻവോയ്സ്, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ഹാർഡ് ഡിസ്ക്, ഒരു കാറിന്റെ റീട്ടെയിൽ ഇൻവോയ്‌സ്, രണ്ട് ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തതായും അവർ പറഞ്ഞു. തെരച്ചിലിനിടെ പൊലീസ് അരമണിക്കൂറോളം തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കി വാതിലടച്ചാണ് പരിശോധന നടത്തിയതെന്നും ഇപ്‌സ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ പേരിലാണ് രൂപേഷിനെ ലക്ഷ്യംവെയ്ക്കുന്നതെന്ന് ഇപ്സ പറഞ്ഞു- "അദ്ദേഹം അടുത്തിടെ ഗിരിദിഹ് സന്ദർശിച്ചിരുന്നു, വ്യാവസായിക മലിനീകരണം ജനങ്ങളുടെ ജീവിതം എങ്ങനെ ദുസ്സഹമാക്കിയെന്ന് റിപ്പോർട്ട് ചെയ്തു. ട്യൂമർ ബാധിച്ച പെൺകുട്ടിയുടെ വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായി. ചില ഡോക്ടർമാരും നടന്‍ സോനു സൂദും ട്വീറ്റിനോട് പ്രതികരിക്കുകയും പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു".
നിരവധി മാധ്യമപ്രവർത്തകരും രൂപേഷിന് പിന്തുണ പ്രഖ്യാപിച്ചു- "രൂപേഷ് കുമാര്‍ സിങ്, മുഹമ്മദ് സുബൈര്‍, ഫഹദ് ഷാ, സിദ്ദിഖ് കാപ്പന്‍, ആസിഫ് സുല്‍ത്താന്‍ തുടങ്ങി നിരവധി പേര്‍ ജയിലിലാണ്. നിങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലവെയ്ക്കുന്നുണ്ടെങ്കില്‍, പബ്ലിസിറ്റിയില്‍ താത്പര്യമില്ലാതെ ജോലി ചെയ്യുന്ന ഈ മാധ്യമപ്രവര്‍ത്തകരെ പിന്തുണയ്ക്കുക"- മാധ്യമപ്രവര്‍ത്തക നേഹ ദീക്ഷിത് ട്വീറ്റ് ചെയ്തു.