ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭക്കൊപ്പവുമില്ല; ഒരുമിച്ചു നടത്താനാവില്ലെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ

സെപ്റ്റംബർ 30-നകം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ സുപ്രിംകോടതി നിർദേശിച്ചിരുന്നു.

Update: 2024-03-16 12:39 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിന്റെ തുടക്കത്തിൽ ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പിന് സമയമായെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഇപ്പോൾ ഉണ്ടാവില്ലെന്ന് പിന്നീട് വ്യക്തമായി. സെപ്റ്റംബർ 30നകം ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

സുരക്ഷാ കാരണങ്ങളാലാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 2019-ലാണ് ജമ്മു കശ്മീർ പുനഃസംഘടനാ നിയമം പാസാക്കിയത്. 107 സീറ്റുകൾക്കാണ് അന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ഇതിൽ 24 എണ്ണം പാക് അധീന കശ്മീരിലാണ്. പിന്നീട് മണ്ഡല പുനർനിർണയ കമ്മീഷൻ വന്നതോടെ സീറ്റുകളുടെ കാര്യത്തിൽ മാറ്റമുണ്ടായി. പുനഃസംഘടനയും മണ്ഡല പുനരേകീകരണവും യോജിച്ചിരുന്നില്ല. 2023 ഡിസംബറിലാണ് അത് ശരിയായത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംവിധാനങ്ങൾ അവിടെ പ്രവർത്തിക്കാൻ തുടങ്ങിയതെന്നും രാജീവ് കുമാർ പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താനാവാത്തത് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന വാദം ഇത്രയേയുള്ളൂ എന്ന് തെളിയിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News