ഫലസ്തീൻ,ലെബനാൻ, ഇറാൻ അംബാസഡർമാർ പങ്കെടുക്കാനിരുന്ന സെമിനാറുകൾ റദ്ദാക്കി ജെഎൻയു
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാറാണ് അവസാന നിമിഷം റദ്ദാക്കിയത്
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ, ഫലസ്തീൻ, ലെബനാൻ അംബാസഡർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ജെഎൻയു നടത്താനിരുന്ന സെമിനാറുകൾ റദ്ദാക്കി. മൂന്ന് സെമിനാറുകളിലേക്കായിരുന്നു മൂന്ന് രാജ്യങ്ങളുടെ അംബാസിഡർമാരെ ജെഎൻയു ക്ഷണിച്ചത്. എന്നാൽ സെമിനാർ തുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പാണ് ‘അനിവാര്യമായ സാഹചര്യങ്ങളാൽ’ പരിപാടി റദ്ദാക്കേണ്ടിവന്നുവെന്ന് കോളജ് അധികൃതർ അറിയിച്ചത്.
‘പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെ ഇറാൻ എങ്ങനെ കാണുന്നു’ എന്ന സെമിനാർ വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. ഇറാനിയൻ അംബാസഡർ ഡോ. ഇരാജ് ഇലാഹിയായിരുന്നു മുഖ്യ പ്രഭാഷണം. എന്നാൽ രാവിലെ എട്ടോടെ സെമിനാർ കോർഡിനേറ്റർ സിമ ബൈദ്യയാണ് പരിപാടി റദ്ദാക്കിയ വിവരം ഇമെയിലിലൂടെ വിദ്യാർഥികളെ അറിയിച്ചത്. ഫലസ്തീൻ അംബാസഡർ പങ്കെടുക്കുമെന്ന് അറിയിച്ച നവംബർ 7ലെ സെമിനാറും ലബനാൻ അംബാസഡർ പങ്കെടുക്കുന്ന നവംബർ 14 ലെ സെമിനാറും റദ്ദാക്കി.
‘ഫലസ്തീനിൽ നടക്കുന്ന അക്രമം’ എന്നതായിരുന്നു ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽ-ഹൈജ പങ്കെടുക്കുന്ന സെമിനാറിന്റെ വിഷയം. ‘ലെബനാനിലെ നിലവിലത്തെ സാഹചര്യം’ എന്നതായിരുന്നു ലെബനാൻ അംബാസഡർ ഡോ റാബി നർഷ് പങ്കെടുക്കാനിരുന്ന സെമിനാറിന്റെ വിഷയം.
പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് സർവകലാശാലയാണെന്നും അതിന്റെ കാരണങ്ങൾ അറിയില്ലെന്നും ഇറാൻ, ലെബനാൻ എംബസി വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഫലസ്തീൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സെമിനാർ കോർഡിനേറ്ററായ സൈമ ബൈദ്യയെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ (എസ്ഐഎസ്) സീനിയർ ഫാക്കൽറ്റി അംഗങ്ങൾ ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് പരിപാടി റദ്ദാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. സെമിനാറിനോട് ഒരുവിഭാഗം വിദ്യാർത്ഥികൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും പ പരിപാടി റദ്ദാക്കാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്.
നിലവിലത്തെ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വീക്ഷണങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥികൾക്ക് അവബോധം ഉണ്ടാക്കുകയായിരുന്നു സെമിനാറുകളുടെ ലക്ഷ്യം. എന്നാലും, ക്യാമ്പസ് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്ന് സർവകലാശാല അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പരിപാടിക്കെത്തുന്ന അംബാസഡർമാരുടെ പ്രോട്ടോക്കോളുകൾ പാലിക്കാനും സുരക്ഷയടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ ക്യാമ്പസിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പരിപാടി മാറ്റിവെച്ചതെന്നുമാണ് ചിലർ പറയുന്നത്.