ജോഷിമഠിലെ ഭൗമപ്രതിഭാസം: സർക്കാർ വെബ്സൈറ്റിൽ നിന്ന് ഐഎസ്ആർഒ റിപ്പോർട്ട് അപ്രത്യക്ഷമായി
ജോഷിമഠ് നഗരം മുഴുവൻ മുങ്ങാൻ സാധ്യതയുണ്ടെന്നായിരുന്നു ഐഎസ്ആർഒയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ജോഷിമഠിൽ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആർഒ റിപ്പോർട്ട് അപ്രത്യക്ഷമായി. നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെയും (എൻ.ആർ.എസ്.സി) വെബ്‌സൈറ്റിൽ നിന്ന് ഉൾപ്പെടെയാണ് റിപ്പോർട്ട് അപ്രത്യക്ഷമായത്. ജോഷിമഠ് നഗരം മുഴുവൻ മുങ്ങാൻ സാധ്യതയുണ്ടെന്നായിരുന്നു ഐഎസ്ആർഒയുടെ മുന്നറിയിപ്പ്. റിപ്പോർട്ട് പിൻവലിച്ചതെന്ന് സൂചന.
2022 ഏപ്രിൽ മുതൽ ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതിന്റെ വേഗത വർധിച്ചു എന്നായിരുന്നു ഐഎസ്ആർഒ റിപ്പോർട്ട്. ഭൂമി ഇടിയുന്നതുമായി ബന്ധപ്പെട്ട് വന്ന പ്രധാന റിപ്പോര്‍ട്ടുകളിലൊന്നായിരുന്നു ഇത്. ഐഎസ്ആർഒയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡ് സർക്കാർ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയും ഈ പ്രദേശങ്ങളിലെ ജനങ്ങളെ മുൻഗണനാക്രമത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ സ്ഥിതി ഗൗരവമാണെന്നും ഐഎസ്ആർഒ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയിൽ 7 മാസത്തിനിടെ ജോഷിമഠ് നഗരത്തിനുള്ളിൽ 9 സെന്റീമീറ്റർ വരെ ഇടിവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി ഇടിഞ്ഞുതാഴുന്നതിന്‍റെ വേഗം വര്‍ധിക്കുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തുകയും ഇത് കേന്ദ്രസര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്നാണ് സൂചന.
അതേസമയം, ജോഷിമഠിലെ പ്രതിഭാസത്തെക്കുറിച്ച് മാധ്യമങ്ങളുമായി ആശയവിനിമയം നടത്തില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 'സർക്കാർ സ്ഥാപനങ്ങൾ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പുറത്തുവിടുന്ന വിവരങ്ങൾ മാധ്യമങ്ങൾ പലപ്പോഴും സ്വന്തം നിലയിൽ വ്യാഖാനിക്കുന്നു. ഇത് ജോഷിമഠിലെ താമസക്കാർക്ക് മാത്രമല്ല, രാജ്യത്തെ പൗരന്മാർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ശാസ്ത്രജ്ഞർക്ക് നിർദേശം നൽകിയിരുന്നു.