പെഗാസസ് അന്വേഷണവുമായി മമതയുടെ ജുഡീഷ്യല്‍ കമ്മീഷന്‍; മമതയും കേന്ദ്രവും വീണ്ടും നേര്‍ക്കുനേര്‍
ബംഗാള്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
പെഗാസസ് ചാരവൃത്തിയില്‍ ബംഗാള്‍ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പ്രാരംഭ പ്രവർത്തനം തുടങ്ങി. ഇതോടെ ഒരിടവേളക്ക് ശേഷം മമതയും കേന്ദ്രവും നേർക്കുനേർ വരും.
സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പെഗാസസ് ചാരവൃത്തികേസ് അന്വേഷിക്കാനായി ബംഗാൾ സർക്കാർ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ പബ്ലിക് ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്തെ മമത ബാനർജിയുടെ അഡ്വൈസർ പ്രശാന്ത് കിഷോർ, തൃണമൂൽ നേതാവും മമത ബാനർജിയുടെ ബന്ധുവുമായ അഭിഷേക് ബാനർജി എന്നിവരുടെ ഫോണും പെഗാസസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ചോർത്തി എന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ നടന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ സിബിഐയെ ഇന്ന് ഹൈക്കോടതി ഏൽപ്പിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി മമതയ്ക്ക് എതിരെ ബിജെപി രംഗത്തിറങ്ങി. മമത സർക്കാരിനെ തുറന്നു കാട്ടുന്നു എന്ന് പറഞ്ഞാണ് വിധിയെ ബിജെപി ജനറൽ സെക്രട്ടറി കൈലാസ് വിജയ്‍വർഗിയ സ്വാഗതം ചെയ്തത്.
സിബിഐയോട് നിരന്തരം പോരാടിയാണ് നേരത്തെ മമത ബാനർജി വാർത്തയിൽ ഇടം പിടിച്ചത്. സിബിഐ സംഘത്തെ കൊൽക്കത്തയിൽ തടയുകയും ചെയ്തിരുന്നു. സിബിഐയുമായി ഏറ്റുമുട്ടലിന്റെ പാത തുറക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് തൃണമൂൽ വിലയിരുത്തുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനൊപ്പം പെഗാസസ് ചാരവൃത്തി കേസിൽ കൂടുതൽ വസ്തുത പുറത്തെത്തിച്ചു കേന്ദ്രസർക്കാരിനെ വെട്ടിലാക്കാനാണ് മമതയുടെ നീക്കം. തെരഞ്ഞെടുപ്പ് അതിക്രമവുമായി ബന്ധപ്പെട്ട കേസ് സിബിഐയുടെ കൈകളിൽ എത്തുമ്പോൾ ബംഗാളിൽ കൂടുതൽ സമയം മമതയ്ക്ക് ചെലവഴിക്കേണ്ടിവരും. ബംഗാളിൽ മമതയെ തളച്ചിടുന്നതോടെ ദേശീയ തലത്തിൽ മോദി വിരുദ്ധ കൂട്ടായ്‌മയുടെ ശക്തി കുറയുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്