സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് ഇന്ന് ചുമതലയേൽക്കും
അഭിഭാഷകരുടെ ഇടയിൽനിന്ന് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ശേഷം ചീഫ് ജസ്റ്റിസായി ഉയർത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്.
ന്യൂഡൽഹി: സുപ്രിംകോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസായിരുന്ന എൻ.വി രമണ വിരമിച്ചതോടെയാണ് ജസ്റ്റിസ് യു.യു ലളിത് പുതിയ ചീഫ് ജസ്റ്റിസായി അധികാരമേൽക്കുന്നത്.
അഭിഭാഷകരുടെ ഇടയിൽനിന്ന് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ശേഷം ചീഫ് ജസ്റ്റിസായി ഉയർത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്. രാജ്യത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരിക്കെ 2014 ആഗസ്റ്റിലാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് പദവിയിൽ 74 ദിവസം സേവനകാലാവധിയുണ്ട്. നവംബർ എട്ടിന് വിരമിക്കും.
മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. വധശിക്ഷ ഇളവ് ചെയ്യുന്ന വിഷയത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനുള്ള ജസ്റ്റിസ് യു.യു ലളിതിന്റെ ഉത്തരവ് രാജ്യശ്രദ്ധ നേടി.2019ൽ അയോദ്ധ്യാ കേസ് പരിഗണിച്ചിരുന്ന ബെഞ്ചിൽ നിന്നുള്ള പിന്മാറ്റവും ചർച്ചയായി.
അഭിഭാഷകനായിരിക്കെ 2011ൽ 2ജി അഴിമതിക്കേസുകളിൽ സുപ്രിംകോടതി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായും നിയോഗിച്ചിരുന്നു. ജസ്റ്റിസ് യു.യു ലളിതിന്റെ പിതാവ് യു.ആർ ലളിത്, അടിയന്തരാവസ്ഥക്കാലത്ത് ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായിരുന്നു. വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിച്ചതിനാൽ സ്ഥിരം ജഡ്ജിയായി അംഗീകാരം ലഭിച്ചില്ല. അദ്ദേഹത്തിന്റെ മകൻ പരമോന്നത കോടതിയിൽ ചീഫ് ജസ്റ്റിസായി എത്തുന്നത് കാലത്തിന്റെ മറ്റൊരു കാവ്യാനീതിയായി വിശേഷിപ്പിക്കാം.