ഗാന്ധിജിയെ അപമാനിച്ച് വിദ്വേഷ പ്രസംഗം: വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ

മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ചാണ് പൊലീസ് കാളിചരണിനെ അറസ്റ്റ് ചെയ്തത്.

Update: 2021-12-30 04:48 GMT
Editor : rishad | By : Web Desk
Advertising

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ചാണ് പൊലീസ് കാളിചരണിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അറസ്റ്റ്. വൈകുന്നേരത്തോടെ പ്രതിയുമായി പൊലീസ് റായ്പൂരിലെത്തും. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്.

റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. സംഭവത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവായ പ്രമോദ് ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

മഹാരാഷ്ട്രയിലെ അകോള സ്വദേശിയാണ് കാളിചരണ്‍ മഹാരാജ്. പരിപാടിയുടെ സംഘാടകര്‍ അടക്കം കാളിചരണ്‍ മഹാരാജിന്റെ പ്രസംഗത്തെ തള്ളിപ്പറഞ്ഞിരുന്നു. പരിപാടിയില്‍ പ്രസംഗിച്ച ഗാവ് സേവ ആയോഗ് ചെയര്‍മാനും പരിപാടിയുടെ രക്ഷാധികാരിയുമായ മഹന്ത് റാംസുന്ദര്‍ ദാസ് പ്രസംഗത്തെ ശക്തമായി അപലപിച്ചശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഘാടകനായ നീല്‍കാന്ത് ത്രിപാഠിയും പ്രസംഗത്തെ തള്ളിക്കളയുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ വിവാദപ്രസംഗത്തില്‍ ഒട്ടും ഖേദം ഇല്ലെന്നാണ് പിന്നീടും കാളിചരണ്‍ മഹാരാജ് പ്രതികരിച്ചത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News